കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ വൻ തീപിടിത്തത്തിനു ശേഷം കൊച്ചി നഗരം വികേന്ദ്രീകൃത മാലിന്യ സംസ്കാരത്തിലേക്ക് മാറിയെന്ന് അവകാശപ്പെടുമ്പോഴും പ്ലാൻറിൽ ലെഗസി വേസ്റ്റിന്റെ (കെട്ടിക്കിടക്കുന്ന മാലിന്യം) അളവ് കൂടി. ഇതെന്തുകൊണ്ടാണെന്ന ചോദ്യമുയർത്തി കോർപറേഷൻ കൗൺസിലിൽ പ്രതിപക്ഷം. ര
ണ്ട് വർഷത്തിനിടെ മൂന്ന് ലക്ഷം ടണ്ണിന്റെ വർധനവാണ് കോഴിക്കോട് എൻ.ഐ.ടി നടത്തിയ ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തിയത്. ബയോമൈനിങ് നടക്കുമ്പോഴും മാലിന്യത്തിന്റെ അളവ് കുറയുന്നതിന് പകരം കൂടിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
ബയോമൈനിങ്ങിന് ആദ്യം കരാർ നൽകുമ്പോൾ അഞ്ച് ലക്ഷം ടൺ മാലിന്യം ബ്രഹ്മപുരത്ത് നിന്ന് ശാസ്ത്രീയമായി നീക്കം ചെയ്യേണ്ടതുണ്ടെന്നായിരുന്നു കണക്ക്. പിന്നീടാണ് തീ പിടിത്തം ഉണ്ടായത്. തുടർന്ന് പുതിയ കമ്പനിക്ക് കരാർ നൽകിയപ്പോൾ ബ്രഹ്മപുരത്തെ കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവ് ഏഴ് ലക്ഷം ടൺ ആണെന്ന് കണ്ടെത്തി. ഇപ്പോഴിവിടെ 8.40 ലക്ഷം ടൺ മാലിന്യമുണ്ടെന്നാണ് എൻ.ഐ.ടിയുടെ കണ്ടെത്തൽ.
ഇതുവഴി 24 കോടി രൂപ കോർപറേഷന് അധിക ബാധ്യത ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ, ആദ്യ കണക്കുകളേക്കാൾ കുറേക്കൂടി ശാസ്ത്രീയവും ആധികാരികമായ കണക്കാണ് ഏറ്റവും ഒടുവിലത്തേതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.
ആദ്യം പറഞ്ഞ കണക്കുകളെല്ലാം ഊഹകണക്കുകളായിരുന്നു. കോഴിക്കോട് എൻ.ഐ.ടി ശാസ്ത്രീയ പഠനത്തിലൂടെ പുതിയ കണക്കിൽ എത്തിയത്. അധികം വരുന്ന തുകയിൽ കേന്ദ്ര ഫണ്ടും സംസ്ഥാന ശുചിത്വമിഷന്റെ ധനസഹായവും കിട്ടും. ശേഷിക്കുന്ന പണം കോർപറേഷൻ കണ്ടെത്തിയാൽ മതിയെന്നും മേയർ പറഞ്ഞു.
കൊച്ചി നഗരത്തിൽ പൊതുഗതാഗതത്തെ അടിസ്ഥാനമാക്കിയുള്ള ലോക്കൽ ഏരിയ പ്ലാൻ തയ്യാറാക്കാൻ ചീഫ് ടൗൺ പ്ലാനറെയും സി ഹെഡിനെയും ചുമതലപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചു.
വൈറ്റില കേന്ദ്രീകരിച്ചാണ് പ്ലാൻ നടപ്പാക്കുക. ഇത് തയ്യാറാക്കുന്നതിന് 33 ലക്ഷം രൂപ ഉൾപ്പെടെ അംഗീകരിച്ചു. വൈറ്റില, എളംകുളം മെട്രോ സ്റ്റേഷനുകളുൾപ്പെടുന്ന 255 ഹെക്ടർ പ്രദേശത്താണ് പദ്ധതി വരിക. ഇതിൽ ഫേസ് വൺ വൈറ്റില ഭാഗത്തെ 105 ഹെക്ടറും ഫേസ് ടൂ എളംകുളത്തെ 105 ഹെക്ടറും മറ്റു ചില പ്രദേശങ്ങളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.