തിരുവനന്തപുരം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിനെതിരായ പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിക്ക് അധികാരത്തിന്‍റെ ധാർഷ്ട്യം, സിൽവർ ലൈൻ വിരുദ്ധ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ അനുവദിക്കില്ല എന്നീ വാചങ്ങൾ എഴുതിയ ബാനറും പിടിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോന്നത്. രാവിലെ ആരംഭിച്ച ചോദ്യോത്തര വേളയിലും പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് സഭ വിട്ടിറങ്ങിയത്.
ഇത് സ്ത്രീ വിരുദ്ധ സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. ഭരണപക്ഷത്തിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ചോദ്യോത്തര വേള സർക്കാറിനെ അധിക്ഷേപിക്കാനായി പ്രതിപക്ഷ നേതാവ് ഉപയോഗിക്കുകയാണ്. അപവാദങ്ങൾ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷത്തിന് താൽപ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചു. തുടർന്ന് പുറത്തേക്ക് പോകുന്നതിനിടെ സഭയിൽ വെച്ച് വീണ്ടും മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി. ഇതിനെ സ്പീക്കർ എം.ബി. രാജേഷ് എതിർത്തു. സഭ ബഹിഷ്കരിച്ച ശേഷം വീണ്ടും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നത് അച്ചടക്കലംഘനമാണെന്ന് സ്പീക്കർ പറഞ്ഞു. സഭയിൽ ബോധപൂർവം പ്രകോപനം സൃഷ്ടിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കൂടാതെ സഭാ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെക്കുകയും ചെയ്തു. സിൽവർ ലൈൻ സംബന്ധിച്ച് വ്യാഴാഴ്ചയും നിയമസഭയിൽ വലിയ രീതിയിൽ പ്രതിഷേധം ഉണ്ടായിരുന്നു.
സഭ ബഹിഷ്കരിച്ച് പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ മാടപ്പള്ളിയിലേക്ക് പോകും. വെള്ളിയാഴ്ച ഉച്ചയോടെ മാടപ്പള്ളിയിൽ എത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.