തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പ് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. വ്യാജ രേഖ ചമച്ച് പണം തട്ടിയതിൽ സാധാരണ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിൻസെന്‍റ് ആരോപിച്ചു. നികുതി വെട്ടിപ്പിൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
മേയർ ആര്യ രാജേന്ദ്രനെതിരെയും എം. വിൻസെന്‍റ് വിമർശനം ഉയർത്തി. മേയർക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണെന്ന് ചൂണ്ടിക്കാട്ടി. കോർപറേഷനിലെ തട്ടിപ്പുകൾ ആവർത്തിക്കുമ്പോഴും യഥാർഥ പ്രതികൾ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടുകയാണ്. അഴിമതിയുടെ കാര്യത്തിൽ ഭരണകക്ഷിക്ക് ഇരട്ടച്ചങ്കാണെന്നും എം. വിൻസെന്‍റ് പറഞ്ഞു.
നികുതി അടച്ച രസീത് കൈവശമില്ലാത്തവർ എന്തു ചെയ്യുമെന്നും അവരുടെ ആശങ്കക്ക് എന്താണ് പരിഹാരമെന്ന് എം. വിൻസെന്‍റ് ചോദിച്ചു. നഷ്ടപ്പെട്ട തികുതി തുക തിരികെ ലഭിക്കുന്ന കാര്യത്തിൽ വ്യക്തമായ മറുപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന കൗൺസിലർമാർക്ക് മുൻപിൽ മേയറുടെ പ്രസംഗം സ്ക്രീനിൽ കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ച കോൺഗ്രസിന്‍റെ സമരം ആത്മാർഥമാണെന്നും എം. വിൻസെന്‍റ് വ്യക്തമാക്കി.
നികുതി വെട്ടിപ്പ് നടത്തിയ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നു കേസുകളിലായി നാലു പേരെ അറസ്റ്റ് ചെയ്യുകയും ഏഴു പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്യ്തിട്ടുണ്ട്.
നികുതിദായകർക്ക് ആശങ്ക വേണ്ടെന്നും രസീത് ഉണ്ടെങ്കിൽ അടച്ച പണം നഷ്ടപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. കോർപറേഷനിൽ ബി.ജെ.പി നടത്തുന്ന സമരം അധികാരം കിട്ടാത്തതിന്‍റെ പ്രതികാരമാണെന്നും കെ. രാധാകൃഷ്ണൻ ആരോപിച്ചു.
അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും ഇറങ്ങിപ്പോക്ക് ഒഴിവാക്കിയ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.