തിരുവനന്തപുരം: വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള സർക്കാറിന്‍റെ നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. അഴിമതി തടയാനുള്ള സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും നിയമങ്ങളും സർക്കാർ ഇല്ലാതാക്കുകയാണെന്നും അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
നാല് കേസുകൾ ലോകായുക്തക്ക് മുമ്പിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി പേടിച്ചു. എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്. ഭയമാണ് മുഖ്യമന്ത്രിയെ ഭരിക്കുന്നത്. ലോകത്ത് എവിടെയെങ്കിലും ഒരു മലയാളിയെ കണ്ടാൽ നിങ്ങളുടെ നാടിനെ ഇപ്പോൾ ഭയമല്ലേ ഭരിക്കുന്നതെന്ന ചോദ്യമാണ് ചോദിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ വന്നത് കൊണ്ടാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു.
ലോകായുക്ത ഓർഡിനൻസ് വിഷയം സി.പി.ഐയെ പോലും ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും നിങ്ങൾ ആദ്യം കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തൂവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കാലഹരണപ്പെട്ട നിയമം ഭേദഗതി ചെയ്യാൻ നിയമസഭക്ക് അധികാരമുണ്ടെന്ന് നിയമ മന്ത്രി പി. രാജീവ് സഭയെ അറിയിച്ചു. ലോകായുക്ത നിയമത്തിലെ വിചിത്രമായ വകുപ്പാണ് 14-ാം വകുപ്പ്. ഒരു പൊതുപ്രവർത്തകൻ അഴിമതി കാണിച്ചെന്ന് ലോകായുക്തയുടെ വിധി വന്നാൽ അപ്പീൽ നൽകാൻ പോലും അവസരമില്ല. രാജ്യത്തൊരിടത്തും ഇല്ലാത്ത ഈ വകുപ്പാണ് ഭേദഗതി ചെയ്തത്. ലോകായുക്ത ഭേദഗതി ബിൽ വരുമ്പോൾ വിഷയം ചർച്ച ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.
ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയത്തിന് പകരം നിരാകരണ പ്രമേയം കൊണ്ടു വരുന്നതാണ് ശരിയായ നടപടിയെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി.
മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.