സില്‍വര്‍ലൈനിനായി കെ.എസ്.ആര്‍.ടി.സിയെ സർക്കാർ തകര്‍ക്കുന്നുവെന്ന് പ്രതിപക്ഷം; നിയമസഭയില്‍നിന്ന്​ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സാധാരണക്കാരുടെ യാത്രാസംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സില്‍വര്‍ലൈനിന് വേണ്ടി സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന്​ ഇറങ്ങിപ്പോയി. സ്വിഫ്​റ്റ്​ കമ്പനി രൂപവത്​കരണം ഈ ലക്ഷ്യത്തോടെ കോർപറേഷനെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ആരോപണം അടിസ്ഥാനരഹിതമെന്ന്​ പറഞ്ഞ മന്ത്രി ആന്റണി രാജു, കെ.എസ്.ആര്‍.ടി.സിയെ പുനഃസംഘടിപ്പിച്ച് കൂടുതല്‍ മെച്ചപ്പെട്ട നിലയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. സ്വിഫ്റ്റ് രൂപവത്​കരണത്തെ ഹൈകോടതിപോലും അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

പൊതുഗതാഗത സംവിധാനത്തെ കോവിഡ് കാര്യമായി ബാധിച്ചിട്ടും കെ.എസ്.ആര്‍.ടി.സി പിടിച്ചുനിന്നതായി മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ്‌ മേഖലയിലെ 44 ശതമാനം സര്‍വിസുകളും നിര്‍ത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി 85 ശതമാനവും സര്‍വിസ് നടത്തുന്നുണ്ട്.

സിറ്റി സര്‍വിസുകള്‍ പൂര്‍ണമായും വൈദ്യുതി ബസുകളാക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് 50 ബസുകൾ ഉടന്‍ സര്‍വിസ് തുടങ്ങും. 500 സി.എന്‍.ജി ഉള്‍പ്പെടെ 1436 ബസുകള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വാങ്ങും. ഇനിയും ബസുകള്‍ എത്തിയിട്ടില്ലാത്തിടങ്ങളിലും ഗ്രാമങ്ങളിലും യാത്രാസൗകര്യം ഒരുക്കുന്നതിന്​ ഗ്രാമവണ്ടികളും ഉടന്‍ ആരംഭിക്കും. സഹകരണബാങ്കുകളുടെ കൺസോർട്യവുമായി ചേർന്ന്​ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നു. ദീർഘകാലത്തിനു​ശേഷം ശമ്പള പരിഷ്‌കരണവും നടപ്പാക്കി.

കെ.എസ്.ആര്‍.ടി.സി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സ്വിഫ്‌റ്റ്​ എന്ന പുതിയ കമ്പനി എന്തിനാണെന്ന്​ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. സില്‍വര്‍ലൈനിനായി കെ.എസ്.ആര്‍.ടി.സിയെ സർക്കാർ ഉന്മൂലനം ചെയ്യുകയാണ്​. യു.ഡി.എഫ്​ ഭരണകാലത്ത്​ കെ.എസ്.ആര്‍.ടി.സിക്ക്​ 5200 ബസുകളും 6200 ഷെഡ്യൂളുകളും ഉണ്ടായിരുന്ന​​പ്പോൾ ​ഇന്ന്​ 3200 ബസുകൾ മാത്രമാണ്.​

ജീവനക്കാരുടെ എണ്ണം 44,000 ൽ നിന്ന്​ 27,000 ആയി. കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ദയാവധത്തിലേക്ക്​ തള്ളിവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വാക്കൗട്ട്​ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. യു.ഡി.എഫ്​ ഭരണകാലത്ത്​ 2700 ബസുകളാണ്​ വാങ്ങിയതെങ്കിൽ കഴിഞ്ഞ ആറ്​ വർഷത്തിനിടെ 110 എണ്ണമേ വാങ്ങിയിട്ടുള്ളൂ. കെ.എസ്​.ആർ.ടി.സിയുടെ ​സർവിസ്​ ദൈർഘ്യം 17 ലക്ഷം കിലോമീറ്റർ ആയിരുന്നത്​ ഇന്ന്​ 10 ലക്ഷമായെന്നും സതീശൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Opposition says govt is destroying KSRTC for Silver Line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.