നിയമസഭ കവാടത്തിന് മുന്നിൽ പ്രതികാത്മകമായി നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു (ഫോട്ടോ: പി.ബി. ബിജു)

'ക്യാപ്റ്റനാണെങ്കിൽ മുഖ്യമന്ത്രി സത്യം തുറന്നു പറയണം'; സഭാ കവാടത്തിൽ 'അടിയന്തര പ്രമേയം' പ്രതീകാത്മകമായി അവതരിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് പ്രതികളുടെ മൊഴി ചർച്ച ചെയ്യാൻ തയാറാകാത്ത സർക്കാറിനെതിരായ 'അടിയന്തര പ്രമേയം' പ്രതീകാത്മകമായി അവതരിപ്പിച്ച് പ്രതിപക്ഷം. സഭാ കവാടത്തിന് മുമ്പിലെ റോഡിലാണ് 'അടിയന്തര പ്രമേയം' പി.ടി. തോമസ് പ്രതീകാത്മകമായി അവതരിപ്പിച്ചത്. പി.കെ. ബഷീർ പ്രതീകാത്മക മുഖ്യമന്ത്രിയും എൻ. ഷംസുദ്ദീൻ സ്പീക്കറും ആയിരുന്നു.

ക്യാപ്റ്റനാണെങ്കിൽ മുഖ്യമന്ത്രി സത്യം തുറന്നു പറയണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴി നിയമസഭ ചർച്ച ചെയ്യണമെന്ന് പി.ടി. തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു.

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഡോളർ കടത്തിൽ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളത്. ഡോളർ കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കേസാണിത്. അതിനാൽ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

പി.ടി. തോമസ് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു

ഇടത് സർക്കാർ നിരന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ആരോപിച്ചു. ഇതിനായി ആദ്യം ബാലാവകാശ കമീഷനെ പറഞ്ഞുവിട്ടു. പിന്നീട്​ നിയമസഭ പ്രിവിലേജ്​ കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി. ഏറ്റവും ഒടുവിൽ കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വരെ പ്രഖ്യാപിച്ചു. എന്നാൽ, ​ൈഹകോടതി ഈ അന്വേഷണം റദ്ദാക്കുകയായിരുന്നുവെന്ന്​ വി.ഡി. സതീശൻ പറഞ്ഞു.

കസ്റ്റംസ്​ ആക്​ടിലെ 108ാം വകുപ്പ്​ പ്രകാരമാണ്​ സ്വപ്​നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്​. ഈ ഗൗരവമുള്ള കാര്യമാണ്​. നയ​തന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യു.എ.ഇയിലേക്ക്​​ പാക്കറ്റ്​ കൊടുത്തു വിട്ടത്​ എന്തുകൊണ്ടാണ്​. വിമാനത്താവളം വഴി ആർക്കു വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ്​ കൊണ്ടു പോകാമായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുളളയാളുടെ കൈവശം ഇത്​ കൊടുത്ത്​ വിട്ടത്​ എന്തിനാണെന്ന്​ സതീശൻ ചോദിച്ചു.

വി.ഡി. സതീശൻ പ്രതീകാത്മക അടിയന്തര പ്രമേയത്തിൽ സംസാരിക്കുന്നു

കേസിൽ മുഖ്യമന്ത്രിക്ക്​ അനുകൂലമായി ശിവശങ്കർ മൊഴി നൽകിയിട്ടുണ്ടെന്നാണ്​ സി.പി.എം വാദം. ശിവശങ്കറും സ്വർണക്കടത്ത്​ കേസിൽ പ്രതിയാണ്​​. എന്നാൽ, സ്വർണക്കടത്ത്​ കേസിലെ പ്രതികളായ സ്വപ്​നയുടേയും സരിത്തി​േന്‍റയും മൊഴി വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരും സംസാരിച്ചു.



Tags:    
News Summary - Opposition symbolically represents 'Adjournment Motion at the entrance of the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.