തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയിലെ ബഫര്‍സോണ്‍ വിഷയത്തില്‍ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2019ല്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനമാണ് ഒരു കിലോമീറ്റർ ബഫര്‍സോണ്‍ നിശ്ചയിച്ച സുപ്രീംകോടതി വിധിക്ക് കാരണമായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തിയപ്പോൾ 12 കിലോമീറ്റര്‍ വരെയാകാമെന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ തീരുമാനം തങ്ങള്‍ തിരുത്തുകയായിരുന്നെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ തിരിച്ചടിച്ചു.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള സണ്ണി ജോസഫിന്‍റെ നോട്ടീസിന്റെ ചര്‍ച്ചയിലാണ് വനംമന്ത്രിയും പ്രതിപക്ഷനേതാവും ഏറ്റുമുട്ടിയത്. അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
സുപ്രീംകോടതി വിധിയില്‍ത്തന്നെ സംസ്ഥാനത്തിന് ആശ്വാസകരമായ നിർദേശങ്ങൾ ഉപയോഗപ്പെടുത്തി മലയോര ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാകുമെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. ഇളവുകള്‍ വേണമെന്നുള്ളവര്‍ക്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് അവര്‍ വഴി വീണ്ടും സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് വിധിയിയിൽ ഉണ്ട്. കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തി ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി സംരക്ഷിതകേന്ദ്രത്തിന് ചുറ്റും 12 കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കണമെന്നാണ് 2013ല്‍ മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് 2019ല്‍ തിരുത്തി ഒരു കിലോമീറ്റര്‍ വരെയാക്കിയതെന്നും മന്ത്രി വിശദീകരിച്ചു. ജനവാസമേഖലകളെ ഒഴിവാക്കിയാണ് 2013ൽ യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണിജോസഫ് ചൂണ്ടിക്കാട്ടി. ഇതിന് അനുസൃതമായി കേന്ദ്രസർക്കാർ കരട് വിജ്ഞാപനം ഇറക്കിയെങ്കിലും സമയബന്ധിതമായി വിശദീകരണങ്ങള്‍ നല്‍കാൻ പിണറായി സർക്കാർ തയാറാകാത്തതിനാൽ കരട് വിജ്ഞാപനം റദ്ദായി. മാത്രമല്ല, ജനവാസമേഖലകളെ ഒഴിവാക്കിയ 2013ലെ തീരുമാനത്തിൽ മാറ്റംവരുത്തി ഒരു കിലോമീറ്റർവരെ ബഫർസോൺ ആകാമെന്ന് പിണറായി സർക്കാർ തീരുമാനമെടുത്ത് ഉത്തരവിറക്കി. ഈ ഉത്തരവാണ് കോടതിവിധിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി സംസ്ഥാനം ചോദിച്ച് വാങ്ങിയതാണെന്ന് ഇറങ്ങിപ്പോക്കിന് മുന്നോടിയായി സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സുപ്രീംകോടതി വിധിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നിർദേശങ്ങള്‍ സംസ്ഥാനം നല്‍കണം. കേന്ദ്ര ഉന്നതാധികാരസമിതിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും സതീശന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.