ഒ. രാജഗോപാലിന്‍െറ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധം

മലപ്പുറം: ജില്ലയില്‍ നോട്ട് പ്രതിസന്ധിയില്‍ ജനം വലയുമ്പോള്‍ മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുകയാണെന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എയുടെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധം. മറ്റു ജില്ലകളിലെ ബാങ്കുകള്‍ക്ക് ലഭിക്കുന്നിന്‍െറ ആനുപാതിക പണം പോലും ലഭിക്കാത്തതിനാല്‍ മലപ്പുറത്തെ 90 ശതമാനം എ.ടി.എമ്മുകളും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ജനം നട്ടം തിരിയുമ്പോഴാണ് ബി.ജെ.പി നേതാവ് ഡല്‍ഹിയില്‍ ജില്ലയെ അപമാനിക്കുന്ന പ്രസ്താവന ഇറക്കിയത്. അടുത്തിടെ സംഘസഹയാത്രികനായ ഡോ. ഗോപാലകൃഷ്ണനും മലപ്പുറം സിവില്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ചില ബി.ജെ.പി നേതാക്കളും ജില്ലയിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്നു.

മലപ്പുറത്ത് അന്നം വാങ്ങുന്നതിനായി പണം കിട്ടുന്നതിന് ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്ന സാധാരണ ജനങ്ങളെ ഒ. രാജഗോപാല്‍ അപമാനിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു. മലപ്പുറത്തെക്കുറിച്ച് എന്തെങ്കിലും പടച്ചുണ്ടാക്കിയില്ളെങ്കില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഉറക്കം വരില്ളെന്ന അവസ്ഥയാണ്. ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും രാജഗോപാല്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒ. രാജഗോപാലിന്‍െറ മനസ്സിലുള്ള സംഘ്പരിവാരാണ് പ്രസ്താവനയില്‍ പ്രതിഫലിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ.എന്‍. മോഹന്‍ദാസ് പറഞ്ഞു. കേരളീയരെ മൊത്തം അപമാനിക്കുന്നതാണ് അദ്ദേഹത്തിന്‍െറ വാക്കുകള്‍. സഹകരണ സ്ഥാപനങ്ങളില്‍ കള്ളപ്പണമുണ്ടെങ്കില്‍ പരിശോധിച്ച് കണ്ടത്തെുന്നതിന് ആരും എതിരല്ല. പക്ഷേ, ഇതിന്‍െറ പേരില്‍ മലപ്പുറത്തെ അപമാനിച്ചത് കേരളത്തെ അപമാനിച്ചതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് ബാങ്കുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കുന്ന ബി.ജെ.പിക്കാര്‍ അടക്കമുള്ളവരെയാണ് രാജഗോപാല്‍ അപമാനിച്ചതെന്ന് ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി പറഞ്ഞു. കര്‍ഷകരും കൂലിവേല ചെയ്യുന്നവരും സാധാരണക്കാരുമാണ് പൊള്ളുന്ന വെയിലില്‍ വെന്തുരുകി മണിക്കൂറുകളോളം വരി നില്‍ക്കുന്നതെന്ന കാര്യം മനസ്സിലാകണമെങ്കില്‍ രാജഗോപാല്‍ റോഡിലിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്തിന്‍െറ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കുറേകാലമായി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഒ. രാജഗോപാലിന്‍െറ പ്രസ്താവനയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് എം.ഐ. അബ്ദുല്‍ റഷീദ് വ്യക്തമാക്കി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - orajagopal hate speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.