കൊച്ചി: കാലാവധി പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ സർവിസ് പെൻഷൻ നിഷേധിച്ച വിമുക്ത ഭടന് നാലുമാസത്തിനകം പെൻഷൻ നൽകാൻ ആംഡ് ഫോഴ്സ് ട്രൈബ്യൂണൽ ഉത്തരവ്. ആലപ്പുഴ താമരക്കുളം സ്വദേശി എസ്. ഗോപിനാഥൻ നൽകിയ ഹരജിയിലാണ് കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് വിഭാഗത്തിന് ജസ്റ്റിസ് കെ. ഹരിലാൽ, എയർമാർഷൽ എസ്.ആർ.കെ. നായർ എന്നിവരടങ്ങുന്ന റീജനൽ ബെഞ്ച് നിർദേശം നൽകിയത്.
1982ൽ കരസേനയിൽ പ്രവേശിച്ച ഹരജിക്കാരൻ 2004ൽ വിരമിക്കുകയും 2006 ഡിസംബർ 30ന് സേന സ്ഥാപനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന ഡിഫൻസ് സെക്യൂരിറ്റി കോർപ്സിൽ (ഡി.എഫ്.സി) ചേരുകയും ചെയ്തു. 2020 ഡിസംബർ 31ന് 57വയസ്സ് തികഞ്ഞതിനെ തുടർന്ന് ഇവിടെനിന്ന് വിരമിച്ചു. ഡി.എഫ്.സിയിൽ 13വർഷവും ഏഴുമാസവും ഒരുദിവസവും സർവിസുണ്ടായിട്ടും പെൻഷൻ നിഷേധിച്ചു. സർവിസ് പെൻഷൻ ലഭിക്കാൻ ഒരുവർഷത്തെയും അഞ്ചുമാസത്തെയും സർവിസ് കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആനുകൂല്യം നിഷേധിച്ചത്.
സർവിസ് പെൻഷനുള്ള കാലാവധിയിൽ ഇളവുനൽകാമെന്ന സുപ്രീംകോടതി ഉത്തരവും കേന്ദ്രസർക്കാറിന്റെ പോളിസി ലെറ്ററും അടിസ്ഥാനമാക്കി തനിക്ക് പെൻഷൻ നൽകണമെന്ന ഹരജിക്കാരന്റെ വാദം ശരിവെച്ചാണ് പെൻഷൻ നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.