തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ അധ്യാപക, ലാബ് അസിസ്റ്റൻറ് തസ്തികകളിലേക്ക് നിയമന ഉത്തരവ് ലഭിച്ചവരെ സർവിസിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ്, തൊട്ടുപിന്നാലെ റദ്ദാക്കി. ഉത്തരവിൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതി വ്യക്തമാക്കിയില്ലെന്നും ഇത് ചേർത്ത ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. സർക്കാർ സ്കൂളുകളിലേക്ക് നിയമനോത്തരവ് ലഭിക്കുകയോ പി.എസ്.സി നിയമന ശിപാർശ ലഭിക്കുകയോ ചെയ്തവരെ അടിയന്തരമായി സർവിസിൽ പ്രവേശിപ്പിക്കാനാണ് ആദ്യം ഉത്തരവിറങ്ങിയത്. ഇൗ മാസം 15 മുതൽ 22 വരെ സർവിസിൽ പ്രവേശിക്കാമെന്നും വ്യക്തമാക്കിയിരുന്നു. നിയമന ശിപാർശ ലഭിച്ചവർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകാനും നിർദേശമുണ്ടായിരുന്നു.
എയ്ഡഡ് സ്കൂളുകളിൽ 2019-20 ലെ തസ്തിക നിർണയം 2020-21, 2021-22 അധ്യയന വർഷങ്ങളിലും തുടരും. 2021 -22 അധ്യയന വർഷം പ്രാബല്യത്തിൽ വരുന്ന െറഗുലർ ഒഴിവുകളിൽ (റിട്ടയർമെൻറ്, രാജി, മരണം തുടങ്ങിയവ വഴിയുള്ള ഒഴിവുകൾ) നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ വിദ്യാഭ്യാസ ഒാഫിസർമാരെ ഉത്തരവിൽ ചുമതലപ്പെടുത്തിയിരുന്നു. ഇപ്രകാരം യോഗ്യരായ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ആഗസ്റ്റ് 13ന് മുമ്പായി നിയമനാംഗീകാരം നൽകുന്ന നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ, എയ്ഡഡ് സ്കൂളുകളിലെ തസ്തികകളിലെ നിയമനാംഗീകാരത്തിന് പ്രാബല്യം നൽകേണ്ട തീയതി ഉത്തരവിലില്ല. ഇത് നിയമനാംഗീകാര നടപടികളിൽ ആശയക്കുഴപ്പത്തിനിടയാക്കുമെന്നുകണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. അവ്യക്തതകൾ നീക്കി പുതുക്കിയ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു.
കോവിഡിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ 3500ൽ പരം അധ്യാപകർക്കാണ് സർവിസിൽ പ്രവേശിക്കാൻ കഴിയാതിരുന്നത്. കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.