തിരുവനന്തപുരം: വിവാദ ഉത്തരവുകൾ വനംവകുപ്പിനെ കുരുക്കിലാക്കിയ പശ്ചാത്തലത്തിൽ ഇനിമുതൽ എല്ലാ അനുമതിയും ഒരു ഉദ്യോഗസ്ഥെൻറ മേൽനോട്ടത്തിലാക്കാൻ നിർദേശം. 'ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്' എന്ന വനം മേധാവി സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥന് മാത്രമായി ഉത്തരവാദിത്തം പരിമിതപ്പെടുത്തും.
സാമൂഹിക വനവത്കരണവിഭാഗം, വൈൽഡ് ലൈഫ് വിഭാഗം ഇങ്ങനെ വിവിധ ശാഖകളായി തിരിഞ്ഞ് ഉത്തരവുകൾ ഇറക്കുകയും പ്രശ്നം വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാനാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. എല്ലാ ഫയലുകളുടെയും അന്തിമതീരുമാനം വനം മേധാവി കണ്ടുമാത്രമായിരിക്കും. മുട്ടിൽ, മുല്ലപ്പെരിയാർ മരംമുറി ഉത്തരവുകളടക്കം വിവാദമായ സാഹചര്യത്തിലാണിത്.
എല്ലാ ബുധനാഴ്ചയും മന്ത്രിസഭാ യോഗശേഷം വനം ഉന്നതരുടെ യോഗം ചേരാനും തീരുമാനിച്ചു. വനം വകുപ്പിലെ എല്ലാ വിഭാഗങ്ങളുടെയും തീരുമാനത്തിെൻറ അന്തിമ ഉത്തരവാദിത്തം വനം േമധാവിക്കായിരിക്കണമെന്ന് കഴിഞ്ഞ ബുധനാഴ്ച ചേർന്ന ആദ്യയോഗത്തിൽ കർശന നിർദേശം നൽകി. ഫയലുകൾ വനം മേധാവി കണ്ടുമാത്രമേ മന്ത്രിയുടെ അടുത്തേക്ക് എത്താവൂ. അഭിപ്രായവും രേഖപ്പെടുത്തണം. വിജിലൻസ് വിഭാഗത്തിന് മാത്രമാണ് ഇളവുള്ളത്.
അന്വേഷണ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതായതിനാൽ നേരിട്ട് മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാനുള്ള സാഹചര്യമുണ്ടാകും. മന്ത്രി അറിയാതെ കാര്യങ്ങൾ നടപ്പാക്കിയ മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. മുട്ടിൽ മരംമുറി വിവാദം അന്വേഷിച്ച സംഘത്തിൽനിന്ന് ഡി.എഫ്.ഒ ധനേഷ് കുമാറിനെ മാറ്റിയത്, മുല്ലപ്പെരിയാർ മരം മുറിയിൽ മന്ത്രി അറിയാതെ അനുമതി നൽകിയത്, കാട്ടുപന്നിയെ വെടിെവക്കാനുള്ള ഫയലിൽ നടപടികൾ അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും മന്ത്രിയെ അറിയിക്കാത്തത് എന്നിവയാണവ. മൂന്നുതവണയും താൻ അറിഞ്ഞില്ലെന്ന് പറയേണ്ട സ്ഥിതിയിലായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.