തൃശൂർ: തൃശൂർ: സാമ്പത്തിക പിന്നാക്കാവസ്ഥയും ദാരിദ്ര്യവും മുതലെടുത്ത് തൃശൂർ ജില്ലയിലെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ പിടിമുറുക്കിയ അവയവ മാഫിയയെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല.
ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവ റാക്കറ്റിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു മുല്ലശ്ശേരിയിലെ അവയവ മാഫിയയെക്കുറിച്ചുള്ള പരാതി അന്വേഷിക്കാൻ തീരുമാനിച്ചത്. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം പരാതിക്കാരന്റെയും ഏതാനും ഇരകളുടെയും മൊഴിയെടുപ്പിൽ ഒതുങ്ങി. വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പുതിയ പരാതി നൽകിയിരിക്കുകയാണ് പരാതിക്കാരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി.എ. ബാബു.
കഴിഞ്ഞ മേയ് 19ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറാൻ കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് കേസിൽ മുഖ്യ സൂത്രധാരിലൊരാളായ സാബിത്ത് നാസർ പിടിയിലായത്. തുടർന്ന് അന്താരാഷ്ട്ര ബന്ധമുള്ള വൻ റാക്കറ്റാണ് ഇതിനുപിന്നിലെന്ന വിവരം പുറത്തുവന്നതോടെയാണ് മുല്ലശ്ശേരിയിലെ അവയവ മാഫിയയെക്കുറിച്ചുള്ള പരാതിയും വീണ്ടും ശ്രദ്ധയിലേക്കുവന്നത്. നാളുകൾക്ക് മുമ്പ് ഇതുസംബന്ധിച്ച പരാതി പൊലീസിന് മുന്നിലുണ്ടായിരുന്നു. എന്നാൽ, തെളിവില്ലെന്ന നിലപാടിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോയില്ല.
ഇറാൻ കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് വാർത്തകളിൽ നിറഞ്ഞതോടെയാണ് മുല്ലശ്ശേരിയിലെ മാഫിയയെക്കുറിച്ചുള്ള പരാതിയും അന്ന് സിറ്റി പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിന്റെ നേതൃത്വത്തിൽ പരിശോധിക്കാൻ തീരുമാനിച്ചത്. ഇതിനിടെ വൃക്കയും കരളും നൽകിയ വിവരങ്ങളുമായി ഇരയാക്കപ്പെട്ട ചിലർ രംഗത്തെത്തി. വാഗ്ദാനം ചെയ്ത പണം നൽകാതെ കബളിപ്പിച്ച കഥകളാണ് പലരും പങ്കുവെച്ചത്. അവയവക്കൈമാറ്റം നടന്നതായി സ്ഥിരീകരിക്കുന്ന പൊലീസ് പക്ഷേ ഇതിനു പിന്നിൽ മാഫിയസാന്നിധ്യമില്ലെന്ന നിലപാടിലാണ്. അവയവങ്ങൾ നൽകിയവർ ഇത് ദാനം ചെയ്തെന്ന മൊഴിയാണ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, മുൻപരിചയമില്ലാത്തവർക്ക് ഇവരെന്തിന് അവയവം കൈമാറിയെന്നതും ഒരു പ്രദേശത്ത് നിന്ന് ഇത്രയധികം പേർ അവയവം നൽകിയെന്നതും സംബന്ധിച്ച് അന്വേഷണമുണ്ടായാൽ മാത്രമേ മാഫിയയുടെ ഇടപെടൽ കണ്ടെത്താനാകൂവെന്ന് പരാതിക്കാരനായ ബാബു പറയുന്നു. അതിനിടെ, പ്രദേശത്ത് വീണ്ടും അവയവ മാഫിയയുടെ ഇടപെടലുണ്ടായതായി പറയുന്നു. ഒരു സ്ത്രീയുടെ കരളാണ് പകുത്ത് വാങ്ങിയത്.
നിയമസഭയിൽ 17 എം.എൽ.എമാർ അവയവറാക്കറ്റിനെക്കുറിച്ചുള്ള വിഷയം ഉന്നയിച്ചെങ്കിലും മുല്ലശ്ശേരിയിലെ വിഷയം അവതരിപ്പിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. ഇറാൻ കേന്ദ്രീകരിച്ച് നടന്ന അവയവക്കൈമാറ്റത്തെക്കുറിച്ചുള്ള അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തിട്ടുണ്ട്. ഫയലുകൾ പൊലീസ് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.