കോഴിക്കോട്: ‘ട്രാഫിക്’ എന്ന ഹിറ്റ് സിനിമയെ ഒാർമിപ്പിക്കുന്ന അവയവ കൈമാറ്റത്തിന് വെള്ളിയാഴ്ച ഒരിക്കൽകൂടി കേരളം സാക്ഷ്യംവഹിച്ചു. കൊച്ചിയിൽ മസ്തിഷ്കമരണം സംഭവിച്ച യുവാവിെൻറ ഹൃദയം എയർ ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത് വെറും ഒന്നേകാൽ മണിക്കൂർകൊണ്ട്. സംസ്ഥാനത്തെ എയർ ആംബുലൻസ് സംവിധാനം പ്രയോജനപ്പെടുത്തിയുള്ള മൂന്നാമത്തെ ശസ്ത്രക്രിയ വെള്ളിയാഴ്ച കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽ വിജയകരമായി നടന്നു. ബൈക്കപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച വൈറ്റില സ്വദേശി ബിനു കൃഷ്ണെൻറ(35) ഹൃദയമാണ് കോഴിക്കോട് അരക്കിണർ സ്വദേശി സിനാജിൽ (26) തുന്നിപ്പിടിപ്പിച്ചത്. ഹൃദയം മാത്രമല്ല രണ്ടു വൃക്കകൾ, കരൾ, പാന്‍ക്രിയാസ് എന്നിവയെല്ലാം ഓരോരുത്തർക്കായി നൽകിയാണ് ബിനു ജീവിതത്തിൽനിന്ന് വിടപറഞ്ഞത്.
ബന്ധുക്കൾ അവയവദാനത്തിനായി സമ്മതപത്രം ഒപ്പിട്ടതോടെ കേരള നെറ്റ്്വർക്ക് ഓഫ് ഓർഗൻ ഷെയറിങ് സംവിധാനത്തിലൂടെ (മൃതസഞ്ജീവനി) അവയവങ്ങൾ ആവശ്യക്കാർക്കെത്തിക്കാനുള്ള നടപടി വേഗത്തിലാക്കി. ഏറെനാളായി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന സിനാജിനായിരുന്നു ബിനുവിെന ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ അവസരമുണ്ടായത്. ഹൃദയത്തിെൻറ പമ്പിങ് ശക്തി കുറയുന്ന ഡയലേറ്റഡ് കാർഡിയോമയോപതി (ഡി.സി.എം) എന്ന രോഗവുമായി മല്ലിടുകയായിരുന്നു ഈ യുവാവ്.
പമ്പിങ് വളരെ കുറഞ്ഞ് 10 ശതമാനത്തിൽ താഴെ എത്തിനിൽക്കുന്ന അവസ്ഥയിൽ ഏറെ അവശനായിരിക്കവേയാണ് പ്രതീക്ഷയുടെ പുതിയ തുടിപ്പുകളുമായി സിനാജിനെത്തേടി ബിനുവിെൻറ ഹൃദയം പറന്നെത്തിയത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽനിന്ന് ഹൃദയം കോഴിക്കോട്ടെത്തിക്കുന്നത് റോഡ് മാര്‍ഗം ദുഷ്കരമായതിനാല് കോയമ്പത്തൂരുള്ള ഗംഗ എയര്‍ ആംബുലന്‍സിനെയാണ് ഇതിനായി തെരെഞ്ഞടുത്തത്. ആസ്റ്റർ മെഡിസിറ്റിയിലെ ഹെലിപ്പാഡില്‍നിന്ന് രണ്ടിന് പറന്നുയർന്ന എയര്‍ ആംബുലന്‍സ് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം മെട്രോമെഡിലെത്തി ഹൃദയം കൈമാറിയപ്പോൾ 3.15. മലപ്പുറം, കോഴിക്കോട് ജില്ല കലക്ടർമാരും പൊലീസ് മേധാവികളും നേരിട്ടിടപെട്ട് ആവശ്യമായ ഗതാഗതക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ഹൃദയം സ്വീകരിച്ച് അധികം വൈകാതെ തുടങ്ങിയ ശസ്ത്രക്രിയ അവസാനിച്ചത് രാത്രിയാണ്. സിനാജിെൻറ ഹൃദയം മിടിച്ചു തുടങ്ങിയതായി മെട്രോമെഡ് മാനേജിങ് ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു. കാർഡിയാക് സർജറി ചീഫ് ഡോ. വി. നന്ദകുമാറിെൻറ നേതൃത്വത്തിലെ ശസ്ത്രക്രിയ സംഘത്തിൽ ഡോ. അശോക് ജയരാജ്, ഡോ. റോഹിക്, ഡോ. ശിശിർ, ഡോ. റിയാദ്, ഡോ. അരുൺ ഗോപി എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.