കണ്ണൂർ: കേരളത്തിൽ നിപ വൈറസ് പടരുകയാണെന്ന് ഒഡിഷയിലും മറ്റും വ്യാപിച്ച മാധ്യമ- സമൂഹ മാധ്യമ പ്രചാരണത്തെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുന്നു. കണ്ണൂർ ധർമശാലയിൽ ഒഡിഷ സ്വദേശി പനിമൂലം മരിച്ചത് നിപ കാരണമല്ലെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടും തൊഴിലാളികൾ നാടുവിട്ടതിനാൽ കണ്ണൂരിലെ ഏറ്റവും വലിയ വ്യവസായ എസ്റ്റേറ്റായ ആന്തൂരിലെ വ്യവസായശാലകൾ സ്തംഭിച്ചു. ഇവിടെയുള്ള 122ഓളം വ്യവസായ യൂനിറ്റുകളിൽ പകുതിയിലും തൊഴിലാളികളില്ലാതെ ഉൽപാദനം നിലച്ചു. കണ്ണൂർ ജില്ലയിലെ തൊണ്ണൂറോളം പ്ലൈവുഡ് വ്യവസായശാലകളിൽ മിക്കതിലും ഉൽപാദനം മുടങ്ങി. എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് വ്യാപിച്ചതായി വിവിധ അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
ഒഡിഷ, ബംഗാൾ, അസം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നിപ ഭീതിയുമായി നാട്ടിലേക്ക് മടങ്ങുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി പതിവായിരുന്നു. ഒഡിഷയിലെ മാധ്യമവാർത്തകളും തുടർന്ന് അവിടത്തെ നാട്ടുകാരോട് തിരിച്ചുവരാനുള്ള സർക്കാറിെൻറ ആഹ്വാനമെന്നനിലയിലുള്ള വാട്സ് ആപ് മെേസജുകളും പ്രചരിക്കുകയാണ്. അതിനിടയിലാണ് ധർമശാലയിൽ രണ്ട് ഒഡിഷക്കാർ പകർച്ചപ്പനികാരണം ചികിത്സയിലായത്. ഇതിൽ ഒരാൾ മരിച്ചു. എന്നാൽ, ഒഡിഷയിൽനിന്ന് ബന്ധുക്കളെ കാണാൻ വന്നതാണെന്നും വരുമ്പോൾ ഇവർക്ക് നാട്ടിൽനിന്ന് പനി ബാധിച്ചിരുന്നുവെന്നും ജില്ല മെഡിക്കൽ ഓഫിസർ വെളിപ്പെടുത്തി. െഡങ്കിപ്പനിയാണെന്നായിരുന്നു ആദ്യ പ്രചാരണം. ഒഡിഷയിലെ മാധ്യമങ്ങൾ ഇതും നിപ മരണത്തിൽപെടുത്തി. എന്നാൽ, മസ്തിഷ്ക ക്ഷയബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രി റിപ്പോർട്ടിൽ പറയുന്നത്. രണ്ടാമത്തെ ആൾ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സുഖംപ്രാപിക്കുന്നതായും ഡി.എം.ഒ പറഞ്ഞു. പേക്ഷ, ഭീതിപടർന്ന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിടുകയായിരുന്നു. ആന്തൂരിലെ വ്യവസായ എസ്റ്റേറ്റിലെയും വളപട്ടണത്തെ മരം-പ്ലൈവുഡ് രംഗത്തെയും ഒഡിഷ തൊഴിലാളികൾ ഒന്നടങ്കം ഇതിനകം നാടുവിട്ടു.
വ്യവസായികളുടെ അഭ്യർഥനപ്രകാരം മുനിസിപ്പൽ അധികൃതരും ആരോഗ്യവകുപ്പും ആന്തൂരിലെ തൊഴിലാളികളിൽ ബോധവത്കരണം നടത്തിയിട്ടും ഫലമുണ്ടായില്ല. മരിച്ചയാളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ശേഖരിച്ച് ഒഡിഷയിലെ മാധ്യമങ്ങൾക്ക് എത്തിച്ച് വാർത്തകൾ തിരുത്തിക്കാൻ ശ്രമംനടത്തിയിരുന്നുവെന്ന് ആന്തൂർ ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് പ്ലോട്ട് അസോസിയേഷൻ അധ്യക്ഷൻ കെ.എസ്. സത്താർ ഹാജി ‘മാധ്യമ’ത്തോട് പറഞ്ഞു. പേക്ഷ, തക്കസമയത്ത് മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ ഇൗ ശ്രമം നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.