ഇതരസംസ്ഥാന അയ്യപ്പ ഭക്തരിൽനിന്ന്​ ഭക്ഷണത്തിന്​ അമിതവില' കരാറുകാരെ കരിമ്പട്ടികയിൽപെടുത്തണമെന്ന് ഹൈകോടതി

കൊച്ചി: ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തരിൽനിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽപെടുത്തണമെന്ന് ഹൈകോടതി. അമിതനിരക്ക് ഈടാക്കുന്നത് തടയാൻ സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി മേഖലയിലും കോട്ടയം ജില്ലയിലെ കടകളിലും പരിശോധന നടത്തണം. ജില്ല കലക്ടർമാർ വില നിശ്ചയിച്ച പ്രകാരമല്ലാതെ ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അമിത തുക ഈടാക്കിയതായി കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളെയും ദേവസ്വം ബോർഡിനെയും അറിയിക്കുകയും ഇവരെ കരിമ്പട്ടികയിൽപെടുത്താൻ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

അയൽസംസ്ഥാനക്കാരായ തീർഥാടകരിൽനിന്ന് ഭക്ഷണ സാധനങ്ങൾക്ക് അമിതനിരക്ക് ഈടാക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അധികനിരക്ക് ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പ് പതിവായി പരിശോധന നടത്തുന്നുണ്ടെന്നായിരുന്നു സർക്കാറിന്‍റെ വിശദീകരണം. തുടർന്ന് കേസിൽ ലീഗൽ മെട്രോളജി വകുപ്പിനെ കോടതി കക്ഷിചേർത്തു. റാന്നി പെരുനാട് പഞ്ചായത്തിനെ കോടതി കക്ഷിചേർത്തിരുന്നെങ്കിലും പ്രതിനിധികളെത്തിയിരുന്നില്ല. അതേസമയം, വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് എരുമേലി പഞ്ചായത്ത് അറിയിച്ചു. സന്നിധാനത്തെ അടിപ്പാതയടക്കം വൃത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മണ്ഡല-മകരവിളക്ക് ദർശനത്തിന് ബുക്കിങ്ങിന് വെർച്വൽ ക്യൂ തുറന്നിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിങ്ങിൽ മാറ്റം വരുത്താൻ കോടതി അനുമതി നൽകി.

തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് പുതിയ ബാച്ച് ചുമതലയേറ്റു

ശബരിമല: മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കും. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ 500ഓളം പൊലീസുകാർ കൂടുതലായി എത്തും. തിരക്ക് നിയന്ത്രിക്കുന്നതിൽ പാളിച്ച സംഭവിച്ചതോടെയാണ് സേനയുടെ എണ്ണം വർധിപ്പിക്കുന്നത്. മണ്ഡലപൂജാ സമയത്ത് 2700 പേരെയാണ് ശബരിമലയിൽ മാത്രമായി വിന്യസിക്കുക. നിലവിൽ പൊലീസ്, ആർ.ആർ.എഫ്, ബോംബ് സ്‌ക്വാഡ്, സി.ആർ.പി.എഫ്, എൻ.ഡി.ആർ.എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 2150 പേരാണ് സന്നിധാനത്തും പരിസരത്തും മാത്രമായി ഡ്യൂട്ടിയിൽ ഉള്ളത്. ഇതിനുപുറമെയാണ് പമ്പയിലും നിലക്കലിലുമുള്ളവർ. ശബരിമലയിലെ 750 പേരുടെ ഡ്യൂട്ടി ചൊവ്വാഴ്‌ച അവസാനിച്ചു. പുതിയ ഉദ്യോഗസ്ഥർ ചുമതലയേറ്റു. സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി.ഐ.ജി രാഹുൽ ആർ. നായർ പുതിയ സേനാംഗങ്ങളെ സ്വാഗതം ചെയ്തു.  

Tags:    
News Summary - Overpriced food from Ayyappa devotees from other states' High Court to blacklist the contractors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.