തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. നടിയുടെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് വനിതാ കമ്മീഷൻ മൊഴിയെടുത്തത്. പി.സി ജോർജിന്‍റെ പരാമർശത്തിൽ ദുഖവും അമർഷവും ഉണ്ടെന്ന് നടി കമ്മീഷന് മൊഴി നൽകിയെന്നാണ് സൂചന. ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നടപടിയിൽ വേദനയുണ്ടെന്നും നടി പറഞ്ഞു. പരാതിയിൽ താൻ ഉറച്ചു നിൽക്കുന്നതായും സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടികളിലും വിമൻ ഇൻ സിനിമ കലക്ടീവിന്‍റെ നിലപാടുകളിലും തൃപ്തിയുണ്ടെന്നും നടി പറഞ്ഞതായാണ് വിവരം.
പി.സി. ജോർജ് എം.എൽ.എ നടിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് മൊഴിയെടുത്തത്. നിർഭയ കേസിലേതു പോലെ ആക്രമിക്കപ്പെട്ടെങ്കിൽ നടി പിറ്റേന്ന് ഷൂട്ടിങ് പോയതെങ്ങനെ എന്നായിരുന്നു പരസ്യമായി പി.സി. ജോർജ് ചോദിച്ചത്. ഇതിനെതിരെ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ വനിതാ കമ്മീഷൻ തുടർനടപടികൾ കൈക്കൊള്ളുക.
ദിലീപിനെ ന്യായീകരിച്ചും നടിയെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പി.സി ജോർജിന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ നടി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. താൻ ആത്മഹത്യ ചെയ്യണമായിരുന്നോ അതോ മാനസിക രോഗാശുപത്രിയിൽ ചികിത്സ തേടണമായിരുന്നോ എന്നും കത്തിൽ നടി ചോദിക്കുന്നുണ്ട്. നടനെ അനുകൂലിച്ച് പരസ്യമായി പി.സി ജോർജ് രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിലും നടിക്കെതിരെ മോശം പരാമർശങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത്തരം പ്രചാരണത്തിനെതിരായ നടിയുടെ പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.