കണ്ണൂർ: പി.ജയരാജന് സി.പി.എം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാർ രാജിവെച്ചു. കണ്ണൂരിൽ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സി.പി.എം. നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാർ പറഞ്ഞു. പി. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയിൽ പി. ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്. പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നില്ലെന്ന് പാർട്ടി പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയായ ധീരജ് പറഞ്ഞു.
2014 ലാണ് ബി.ജെ.പി- ആർ.എസ്.എസ് ബന്ധം ഉപേക്ഷിച്ച് ധീരജ് സി.പി.എമ്മിൽ എത്തിയത്. കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ധീരജിന്റെ നേതൃത്വത്തിൽ 50 ലേറെ ബി.ജെ.പി ക്കാരാണ് അന്ന് സി.പി.എമ്മിൽ ചേർന്നത്. അമ്പാടിമുക്ക് സഖാക്കൾ എന്ന പേരിലാണ് ഇവർ സാമൂഹിക മാധ്യമങ്ങളിൽ അറിയപെട്ടത്.
ധീരജിനെയും സംഘത്തെയും സി.പി.എമ്മുമായി അടുപ്പിച്ചത് അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനാണ്. പി. ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി. ജയരാജന്റെ പിന്തുണയിലാണ് കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.