കണ്ണൂർ: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തനിക്ക് രഹസ്യമായി നൽകിയ മുന്നറിയിപ്പ് വെളിപ്പെടുത്തി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ല മുൻ സെക്രട്ടറിയുമായ പി. ജയരാജൻ. തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിനിടയിലാണ് തനിക്ക് നേരെയുള്ള ശാരീരിക ഭീഷണിയെ കുറിച്ച് യെച്ചൂരി സൂചിപ്പിച്ചതെന്ന് ജയരാജൻ പറഞ്ഞു. ‘സഖാവിന് നേരെ ഒരു കേന്ദ്രത്തിൽ നടത്തിയ ഗൂഢാലോചനയുടെ വിവരം ലഭിച്ചതിനാലാണ് വ്യക്തിപരമായി സഖാവിനെ വിളിച്ചു പറയുന്നത്’ എന്ന് യെച്ചൂരി പറഞ്ഞതായും നിര്യാണത്തിൽ അനുശോചിച്ച് എഴുതിയ കുറിപ്പിൽ ജയരാജൻ വ്യക്തമാക്കി.
‘സമ്മേളനത്തിനിടെ ഒഴിവ് സമയത്ത് സഖാവ് എന്നെ പേരെടുത്ത് വിളിച്ചു. പ്രതിനിധി സമ്മേളനത്തിന്റ സ്റ്റേജിന്റെ ഇടതുഭാഗത്ത് കൂട്ടിക്കൊണ്ടുപോയി. ഞാൻ ആകാംക്ഷയിലായിരുന്നു. എന്തിനാണ് അദ്ദേഹം എന്നെ വിളിച്ചത്? അമ്പരപ്പിനിടയിൽ അദ്ദേഹം എന്നോട് പറഞ്ഞു. ‘സഖാവ് വളരെയധികം ജാഗ്രത പുലർത്തണം, സഖാവിന് നേരെ ഒരു കേന്ദ്രത്തിൽ നടത്തിയ ഗൂഢാലോചനയുടെ വിവരം ലഭിച്ചതിനാലാണ് വ്യക്തിപരമായി സഖാവിനെ വിളിച്ചു പറയുന്നത്’ എനിക്ക് നേരെയുള്ള ശാരീരിക ഭീഷണിയെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്’ -കുറിപ്പിൽ പറയുന്നു.
യെച്ചൂരി അഖിലേന്ത്യാ പാർട്ടി സെക്രട്ടറിയായിരിക്കെ താനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന് കിട്ടിയ വിവരമാണ് പങ്കുവെച്ചതെന്നും ജയരാജൻ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യം തന്നെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നില്ല എന്നും എങ്കിലും സഖാവ് യെച്ചൂരിയുടെ വിയോഗവർത്തയറിഞ്ഞപ്പോൾ സഖാവ് എന്നോട് കാണിച്ച കരുതലാണ് എന്റെ മനസ്സിൽ നിറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ പ്രിയപ്പെട്ട സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങി.കുറെ ദിവസങ്ങളിലായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ് സഖാവിന്റെ വിയോഗം.
സഖാവുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു.തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തിനിടയിൽ ഒഴിവ് സമയത്ത് സഖാവ് എന്നെ പേരെടുത്ത് വിളിച്ചു.പ്രതിനിധി സമ്മേളനത്തിന്റ സ്റ്റേജിന്റെ ഇടതുഭാഗത്ത് കൂട്ടിക്കൊണ്ടുപോയി.ഞാൻ ആകാംക്ഷയിലായിരുന്നു.എന്തിനാണ് അദ്ദേഹം എന്നെ വിളിച്ചത്? അമ്പരപ്പിനിടയിൽ അദ്ദേഹം എന്നോട് പറഞ്ഞു ."സഖാവ് വളരെയധികം ജാഗ്രത പുലർത്തണം,സഖാവിന് നേരെ ഒരു കേന്ദ്രത്തിൽ നടത്തിയ ഗൂഢാലോചനയുടെ വിവരം ലഭിച്ചതിനാലാണ് വ്യക്തിപരമായി സഖാവിനെ വിളിച്ചു പറയുന്നത്" എനിക്ക് നേരെയുള്ള ശാരീരിക ഭീഷണിയെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.
സഖാവ് യെച്ചൂരി അഖിലേന്ത്യാ പാർട്ടി സെക്രട്ടറിയാണ്.
ഞാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന് കിട്ടിയ വിവരം എന്നെ സംബന്ധിച്ച് ഒരു പുതിയ അറിവായിരുന്നില്ല. എങ്കിലും സഖാവ് യെച്ചൂരിയുടെ വിയോഗവർത്തയറിഞ്ഞപ്പോൾ സഖാവ് എന്നോട് കാണിച്ച കരുതലാണ് എന്റെ മനസ്സിൽ നിറഞ്ഞത്.
സഖാവിന് റെഡ് സല്യൂട്ട്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.