ക്രിസ്ത്യാനിയോ ഹിന്ദുവോ പ്രതിയായാൽ കുറ്റവാളി മാത്രം ശിക്ഷ അനുഭവിച്ചാൽ മതി; മുസ്‌ലിമായാൽ സമുദായം മുഴുക്കെ പ്രതിസ്ഥാനത്ത് -പി. മുജീബ് റഹ്മാന്‍

കോഴിക്കോട്: ഇസ്‌ലാമോഫോബിയയുടെ ഭാഗമായി നിരന്തരമായ തീവ്രവാദ ചാപ്പയും ഭീകരവാദ മുദ്രയും ചാർത്തപ്പെടുന്ന ലോകത്തെ ഏക സമുദായമാണ് മുസ്‌ലിമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാന്‍. ഒരു സമുദായത്തിന് മാത്രം നാട്ടിൽ നടക്കുന്ന ഓരോ വിഷയത്തിലും അധിക ബാധ്യത വന്ന് ചേരുന്ന ഈ ദുരവസ്ഥയുടെ പേരാണ് ഇസ്‌ലാമോഫോബിയ എന്നും മുജീബ് റഹ്മാന്‍ ഫേസ്ബുക്കിൽ കുറിച്ചു. കളമശ്ശേരി ബോംബ് സ്ഫോടന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

പി. മുജീബ് റഹ്മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന നിമഷം തൊട്ട് കേരളത്തിൽ ഏറെ അസ്വസ്ഥമായ ജനത മുസ്‌ലിം ജനവിഭാഗമാണ്. സ്ഫോടനത്തിലെ പ്രതി ക്രിസ്ത്യാനിയോ ഹിന്ദുവോ നാസ്തികനോ ആവാം അതിനെക്കുറിച്ച് ആ സമുദായത്തിന് യാതൊരു ആധിയും ആവശ്യമില്ല. കുറ്റവാളി മാത്രം ശിക്ഷ അനുഭവിച്ചാൽ മതി. എന്നാൽ, പ്രതി മുസ്‌ലിമായെന്നാൽ സമുദായം മുഴുക്കെ പ്രതിസ്ഥാനത്താണ്. ശിക്ഷ മുഴുവൻ സമുദായത്തിനുമാണ്.

പ്രതിപട്ടികയിൽ മുസ്‌ലിം നാമധാരിയാണെങ്കിൽ തീവ്രവാദം, ഭീകരാക്രമണം എന്നിവക്കെല്ലാം ആഗോളമാനം കൈവരും. കാരണം, ഇസ്‌ലാമോഫോബിയയുടെ ഭാഗമായി നിരന്തരമായ തീവ്രവാദ ചാപ്പയും ഭീകരവാദ മുദ്രയും ചാർത്തപ്പെടുന്ന

ലോകത്തെ ഏക സമുദായമാണ് മുസ്‌ലിം സമുദായം. മുസ്‌ലിം സമുദായം ആശങ്കിച്ചത് തന്നെയാണ് കളമശ്ശേരിയിലും സംഭവിച്ചത്. സംഘ്പരിവാർ ഭീകരവാദികളും അവർക്ക് മെഗാഫോണായി പണിയെടുക്കുന്ന ചില മീഡിയകളും ആദ്യ നിമിഷം തന്നെ പ്രചാരണമാരംഭിച്ചു.

യഹോവാ എന്നത് യഹൂദർ എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാവാം എന്നാണ് ഗവൺമെൻറും പൊലീസും പ്രതിയെക്കുറിച്ച് തീർപ്പിലെത്തുന്നതിനു മുമ്പ് കേരളത്തിലെ ഒരു ദേശീയ ചാനൽ കൊടുത്ത വാർത്ത. ഉടൻ സുരക്ഷാ പരിശോധനയുടെ ഒരു ഫോട്ടോ ചാനലിൽ വരുന്നു. മിനുട്ടുകളോളം ഈ ദൃശ്യത്തിൽ ഇടം പിടിച്ചതാവട്ടെ, ഒരു മുസ്‌ലിം വേഷധാരിയും. ഒരു സമുദായത്തിന് മാത്രം നാട്ടിൽ നടക്കുന്ന ഓരോ വിഷയത്തിലും അധിക ബാധ്യത വന്ന് ചേരുന്ന ഈ ദുരവസ്ഥയുടെ പേരാണ് ഇസ്‌ലാമോഫോബിയ.

Tags:    
News Summary - P Mujeeb Rahman react to Kalamassery blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.