പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ തർക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ ഡോ. പി. സരിൻ എതിർപ്പറിയിച്ച് രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ. കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനറാണ് സരിൻ. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു.
പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കാത്തതിലാണ് പി. സരിൻ ഇടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനറായിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും സരിൻ പങ്കുവെച്ചിട്ടുമില്ല. ഇന്ന് രാവിലെ 11.45ന് മാധ്യമങ്ങളെ കാണുമെന്ന് സരിൻ അറിയിച്ചിട്ടുണ്ട്.
2021ലെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് സി.പി.എമ്മിലെ കെ. പ്രേംകുമാറിനോട് 15,152 വോട്ടിനാണ് സരിൻ തോറ്റത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ സരിൻ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നതായും മേഖല കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നെന്നും പറയപ്പെടുന്നു.
അതേസമയം, യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് പാർട്ടി തന്നെ തീരുമാനിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ പറഞ്ഞത്. പൊതുവിലെ രാഷ്ട്രീയ കാലാവസ്ഥ വളരെ അനുകൂലമാണ്. എന്നെപ്പോലെയൊരു സാധാരണ പ്രവർത്തകന് പാർട്ടി ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നിരിക്കുന്ന പാലക്കാട്ടെ സ്ഥാനാർഥിത്വവും വലിയ അവസരമാണ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരിക്കെ എനിക്ക് ചുമതലയുണ്ടായിരുന്നത് പാലക്കാട് ജില്ലയിലാണ്. അന്ന് തൊട്ട് ഈ നിമിഷം വരെ ഒരുപാട് സഹോദരങ്ങളുള്ള സ്ഥലമാണ് പാലക്കാട് -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.