കരുവന്നൂർ പാക്കേജിന്റെ ലക്ഷ്യം സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തൽ മാത്രം -വി.ഡി സതീശൻ

തിരുവനന്തപുരം: ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ ഉന്നത സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തുക മാത്രമാണ് കരുവന്നൂര്‍ പാക്കേജിലൂടെ സി.പി.എമ്മും സര്‍ക്കാരും ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നത് കരുവന്നൂരില്‍ മാത്രമല്ല. തിരുവനന്തപുരത്തെ കണ്ടലയിലും മുട്ടത്തറയിലും തൃശൂരിലെ അയ്യന്തോളിലും ഉള്‍പ്പെടെ നൂറുകണക്കിന് നിക്ഷേപകര്‍ വേറെയുമുണ്ട്. നിക്ഷേപകരെ സംരക്ഷിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഈ ബാങ്കുകളിലും പാക്കേജ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പ്രാഥമിക സഹകരണബാങ്കുകളുടെ സഹായത്തോടെ പ്രത്യേക പാക്കേജുണ്ടാക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. നിക്ഷേപകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ് ഈ തീരുമാനമെങ്കില്‍ അതിനെ യു.ഡി.എഫ് സ്വാഗതം ചെയ്യും. പക്ഷെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

കേരള ബാങ്കിനെ അന്നത്തെ പ്രതിപക്ഷം എതിര്‍ത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ എല്‍.ഡി.എഫിന് മനസിലാകുന്നുണ്ടാകും. കേരളത്തിലെ സഹകരണ മേഖലയെ ആര്‍.ബി.ഐയുടെ കക്ഷത്തില്‍ തിരുകി വയ്ക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. അല്ലായിരുന്നുവെങ്കില്‍ ജില്ലാ ബാങ്കുകള്‍ക്ക് പ്രാഥമിക സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുമായിരുന്നു.

സംസ്ഥാനത്തെ 272 സഹകരണ സംഘങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന തരത്തില്‍ സഹകരണ രജിസ്ട്രാറുടെ പേരില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ശുദ്ധ തട്ടിപ്പാണ്. കരുവന്നൂരില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാരിനെ രക്ഷിക്കാന്‍ സഹകരണമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ക്യാപ്സ്യൂളാണിത്. ആരോപണങ്ങളും അതിന്‍മേല്‍ അന്വേഷണങ്ങളും നേരിടുന്ന സഹകരണവകുപ്പിലെ മന്ത്രിയുടെ വിശ്വസ്തനാണ് ഈ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ഞങ്ങളുടെ അറിവ്. വ്യാജ റിപ്പോർട്ടിനെ കുറിച്ചും ഇത് തയാറാക്കിയവരെ കുറിച്ചും അന്വേഷണം വേണം.

സഹകരണ രജിസ്ട്രാറുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്ന് പേജുള്ള ഈ റിപ്പോര്‍ട്ടിന് ഒരു വിശ്വാസ്യതയുമില്ല. നിയമസഭയില്‍ സഹകരണ മന്ത്രി നൽകിയ മറുപടിക്ക് കടകവിരുദ്ധമാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് മന്ത്രിയെങ്കിലും മനസിലാക്കുന്നത് നന്നായിരിക്കും. സഹകരണസംഘങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന പേരില്‍ വ്യാജ റിപ്പോര്‍ട്ട് തയാറാക്കി അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സഹകരണ മന്ത്രിയും പാര്‍ട്ടി സംവിധാനങ്ങളുമാണ് സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നതെന്നും വി.ഡി സതീശൻ പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Package: VD Satheesan said that the aim was to save the top CPM leaders who led the bank robbery.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.