പത്മജയെ ബി.ജെ.പിയിൽ എത്തിച്ചത് പിണറായിക്ക് വേണ്ടി, ഇടനിലക്കാരൻ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ -വി.ഡി. സതീശൻ

ന്യൂഡൽഹി: പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തിന് പിന്നിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയന് വേണ്ടിയാണ് പത്മജയെ ബി.ജെ.പിയിൽ എത്തിച്ചത്. കേരളത്തിൽ സർക്കാർ സ്ഥാപനത്തിന്‍റെ പദവിയിൽ ഇരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

കേരളത്തിൽ നിന്ന് ഒരു കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നതിൽ ഏറ്റവും സന്തോഷം സി.പി.എം നേതാക്കൾക്കാണ്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയുണ്ട്. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നുമാണ് എൽ.ഡി.എഫ് കൺവീനർ പറഞ്ഞത്. സി.പി.എം മൂന്നാം സ്ഥാനത്ത് വരുമെന്നാണ് ജയരാജന്‍റെ പ്രസ്താവന കൊണ്ട് അർഥമാക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇല്ലാത്ത സ്ഥാനം സി.പി.എം ഉണ്ടാക്കി കൊടുക്കുകയാണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന്‍റെ സമുന്നത നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ആളാണ് ബി.ജെ.പിയിൽ പോയത്. സി.പി.എം എം.എൽ.എ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായി. അപ്പോൾ പിണറായി വിജയനും എം.വി. ഗോവിന്ദനും എവിടെ പോയി. ആ കേന്ദ്രമന്ത്രിക്ക് സദ്യ കൊടുക്കുകയാണ് ചെയ്തത്.

പാർട്ടിക്ക് വേണ്ടി തല്ലുകൊണ്ട് ജയിലിലും ആശുപത്രിയിലും കിടന്ന് പോരാടുന്ന യുവാക്കളുടെ വൈകാരിക പ്രതികരണമാണ് രാഹുൽ മാങ്കൂട്ടത്തിലൂടെ പുറത്തുവന്നത്. യുവാക്കളുടെ പോരാട്ടത്തിന്‍റെ നേട്ടം പത്മജയെ പോലുള്ള ആളുകളാണ് കൊണ്ടുപോയത്. അതിന്‍റെ സങ്കടം ആർക്കും സഹിക്കാൻ പറ്റില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Padmaja's delivery to the BJP was on Pinarayi's behalf, and the go-between was a former IPS officer - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.