മലപ്പുറം: നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ മൃതദേഹം ഖബറടക്കി. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് മറവു ചെയ്തത്. മൃതദേഹം എത്തിക്കുന്നതിന് മുന്നോടിയായി വൻ പൊലീസ് സന്നാഹവും ആരോഗ്യ പ്രവർത്തകരും 30ഓളം ട്രോമാകെയർ വളന്റിയർമാരും സ്ഥലത്തെത്തിയിരുന്നു. മയ്യിത്ത് നമസ്കാരത്തിന് കുട്ടിയുടെ വല്ല്യുപ്പ അബ്ദുൽ ഖാദർ സ്വലാഹി നേതൃത്വം നൽകി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മിൽ ഡാനിഷ് മരിച്ചത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് മരണം. സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയി.
അതേസമയം, നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.