കൊച്ചി: വയോജനങ്ങൾക്കുള്ള പകൽവീടുകളെന്നാൽ മരുന്ന് മണക്കുന്ന ഇടുങ്ങിയ മുറികളുള്ള വിശ്രമകേന്ദ്രങ്ങളാണെന്ന സങ്കൽപം തിരുത്തിയെഴുതുകയാണ് സർക്കാർ. വാർധക്യത്തെ വിനോദവും പഠനവുംകൊണ്ട് സർഗാത്മകമാക്കാനുള്ള സൗകര്യങ്ങളോടെ പുതിയ മുഖച്ഛായയുമായി പകൽവീടുകൾ വൈകാതെ സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങും. ഹെൽപേജ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് സാമൂഹികനീതി വകുപ്പ് മൾട്ടി സർവിസ് ഡേ കെയർ സെൻററുകൾ തുറക്കുന്നത്. പകൽവീടുകളുടെ നിർവചനം പുതിയ കാലത്തിനനുസൃതമായി മാറ്റിയെഴുതുന്നതാകുമിത്. മേയ് ഒന്നിന് നെയ്യാറ്റിൻകരയിൽ നൂതന മാതൃകയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന പകൽവീട് പിന്നീട് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. പുതിയ പകൽവീടുകൾക്ക് ഹെൽപേജ് ഇന്ത്യ തയാറാക്കിയ രൂപകൽപന സർക്കാർ അംഗീകരിച്ചു.
വിശ്രമത്തിന് വിപുല സൗകര്യം, ഫിസിയോതെറപ്പി, വൈദ്യപരിശോധന, കൗൺസലിങ് സേവനം, ഇൻഡോർ ഗെയിംസ്, കമ്പ്യൂട്ടർ-സ്മാർട്ട് ഫോൺ പരിശീലനമടക്കം ഡിജിറ്റൽ സാക്ഷരത ക്ലാസുകൾ, ലൈബ്രറി, തൊഴിൽ പരിശീലനം, വരുമാന വർധനക്കുള്ള പദ്ധതികൾ, വിനോദോപാധികൾ, പഠനക്ലാസുകൾ തുടങ്ങിയവയാണ് പുതിയ പകൽവീടുകളുടെ പ്രധാന സവിശേഷതകൾ. ഒാരോ പകൽവീട്ടിലും അർഹരായ 20 പേർക്ക് വീട്ടിൽനിന്ന് വന്നുപോകാൻ വാഹന സൗകര്യവും മൂന്നുനേരം ഭക്ഷണവും നൽകും. ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയും ഞായർ ഒഴികെ ദിവസങ്ങളിൽ വൈകീട്ട് അഞ്ചുവരെയുമാകും പ്രവർത്തനം. പകൽവീട് പ്രയോജനപ്പെടുത്തുന്നവരെ ഉൾപ്പെടുത്തി രൂപവത്കരിക്കുന്ന കമ്മിറ്റിയാകും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഹെൽപേജ് ഇന്ത്യക്കാണ് ഇത്തരം പകൽവീടുകളുടെ നടത്തിപ്പ് ചുമതല. നെയ്യാറ്റിൻകരയിലെ പകൽവീടിെൻറ നടത്തിപ്പിന് ഒമ്പത് മാസത്തേക്ക് സർക്കാർ 13,24,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും സാമൂഹികനീതി വകുപ്പും നെയ്യാറ്റിൻകര നഗരസഭയുമായും ധാരണാപത്രം ഒപ്പിട്ടതായും ഹെൽപേജ് ഇന്ത്യ ഡയറക്ടർ ബിജു മാത്യു പറഞ്ഞു.
കൗൺസലിങ് വിദഗ്ധൻ കൂടിയായ േപ്രാജക്ട് മാനേജറടക്കം മൂന്ന് ജീവനക്കാരാകും ഒരു പകൽവീട്ടിൽ ഉണ്ടാവുക. ഇതോടൊപ്പം പകൽവീടുകളുടെ നടത്തിപ്പ് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ‘കില’യുടെ നേതൃത്വത്തിൽ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ വയോജനങ്ങൾക്കായി പകൽവീടുകളുണ്ടെങ്കിലും പ്രവർത്തനവും സൗകര്യങ്ങളും നാമമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.