എ.കെ. ഹസ്സൻ മാസ്റ്റർ

അധ്യാപകനെ വ്യാജ പോക്സോ കേസിൽ വേട്ടയാടി, ഒടുവിൽ വെറുതെവിട്ടു; കോടതിവരാന്തയിൽ കാൽതൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരി

കണ്ണൂർ: ‘എന്നെ മാനസികമായി തകർത്ത്, കള്ളക്കേസിൽ കുടുക്കി 30 നാൾ ജയിലിലടച്ച് ഇവർ എന്താണ് നേടിയത്? 33 വർഷത്തിലേറെ തലമുറകളെ പഠിപ്പിച്ച അധ്യാപകനാണ് ഞാൻ. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നെ ഉപദ്രവിച്ച ആരോടും പ്രതികാരം ചെയ്യാനുമില്ല. എല്ലാം ഞാൻ ദൈവത്തിന്റെ കോടതിയിൽ സമർപ്പിക്കുന്നു. ദൈവമാണ് വലിയവൻ. ഉപ്പുതിന്നവ​നെ അവൻ വെള്ളംകുടിപ്പിക്കും. ഇതിനുപിന്നിൽ പ്രവൃത്തിച്ചവർക്ക് പ്രകൃതി ത​ന്നെ ഏറ്റവും കടുത്ത ശിക്ഷ നൽകും’ -വ്യാജ പോക്സോ കേസിൽ വർഷങ്ങളോളം വേട്ടയാടപ്പെട്ട ഹസ്സ​ൻ മാസ്റ്റർ പറഞ്ഞു നിർത്തുമ്പോൾ വാക്കുകളിടറി.

നാലു വി​ദ്യാ​ര്‍ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേസിലാണ് ഇരിട്ടി കാ​ക്ക​യ​ങ്ങാ​ട് പാ​ല ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ൻ മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി എ.​കെ. ഹസ്സ​ൻ മാസ്റ്ററെ കോടതി കഴിഞ്ഞദിവസം വെറുതെവിട്ടത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.​പി.​എ​സ്.​ടി.​എയുടെ സം​സ്ഥാ​ന നി​ർ​വാ​ഹ​സ​മി​തി അം​ഗ​മാ​യി​രു​ന്ന തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​നയും എസ്.എഫ്.ഐയും ചേർന്ന് കെട്ടിച്ചമച്ചതാണ് ഇതെന്ന് ഹ​സ്സ​ൻ മാ​സ്റ്റ​ർ പറയുന്നു.


ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണ​മെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐയും മഹിളാ അസോസിയേഷനും സ്കൂളിന് മുന്നിൽ ഉപരോധ സമരം വരെ നടത്തിയിരുന്നു. ഒടുവിൽ അഞ്ചുമാസം സസ്​പെൻഷനും വീട്ടിനടുത്തുള്ള സ്കൂളിൽനിന്ന് വിദൂര സ്ഥലത്തേക്കുള്ള സ്ഥലംമാറ്റവും നൽകിയാണ് വിദ്യാഭ്യാസ വകുപ്പ് ശിക്ഷിച്ചത്. 30 ദിവസം കണ്ണൂർ സ്​പെഷൽ സബ് ജയിലിലിൽ തടവിലും കഴിഞ്ഞു. ഹൃദയം തകർന്ന നാളുകളായിരുന്നു ജയിലിലേതെന്ന് ഹസ്സൻ ‘മാധ്യമ’ത്തോടു പറഞ്ഞു. നിരപരാധിയാണെന്ന് സഹതടവുകാർക്ക് ബോധ്യമായതോടെ വളരെ മാന്യമായാണ് അവർ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമായി ഒറ്റപ്പെട്ട നാളുകളിൽ ഭാര്യയും മക്കളും കുടുംബം മുഴുവനും അകമഴിഞ്ഞ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഭാര്യാസഹോദരനാണ് കേസ് നടത്തിപ്പിനുള്ള ചുക്കാൻ പിടിച്ചത്.

കോടതിവരാന്തയിൽ കാൽതൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരിയായ വിദ്യാർഥിനി

മ​ട്ട​ന്നൂ​ര്‍ അ​തി​വേ​ഗ പോ​ക്സോ കോ​ട​തിയിലായിരുന്നു കേസ് വിചാരണ. സ്പെ​ഷ​ല്‍ ജ​ഡ്ജ് അ​നീറ്റ ജോ​സ​ഫാണ് കുറ്റക്കാരന​ല്ലെന്ന് കണ്ട് ഹസ്സൻ മാസ്റ്ററെ വെറുതെ വിട്ടത്. വിചാരണ ദിവസം വൈകാരിക രംഗങ്ങൾക്ക് കോടതിമുറ്റം സാക്ഷിയായി. പരാതിക്കാരിയായ ഒരു വിദ്യാർഥിനി ഇദ്ദേഹത്തിന്റെ കാൽതൊട്ട് മാപ്പുചോദിക്കുകയും തങ്ങൾ കരുവാക്കപ്പെടുകയായിരുന്നു​വെന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയു​ടെ പിതാവും മാപ്പപേക്ഷിച്ചു.

ഇതുകണ്ടുനിന്ന ഹസ്സൻ വിതുമ്പിക്കരഞ്ഞാണ് പ്രതികരിച്ചത്. ‘പരാതി പറഞ്ഞ കുട്ടികളോട് തനിക്ക് വിരോധമില്ല. അവർ നിരപരാധികളാണെന്ന് ബോധ്യമുണ്ട്. രാഷ്ട്രീയ ​നേതൃത്വം അവരെ കരുവാക്കുകയായിരുന്നു. കുട്ടികൾ നൽകിയെന്ന് പറയപ്പെടുന്ന മൊഴിപോലുമായിരുന്നില്ല പൊലീസ് എഫ്.ഐ.ആറിൽ എഴുതിപ്പിടിപ്പിച്ചത്’ -ഹസ്സൻ പറഞ്ഞു.

‘കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ വിമർശിച്ചതുമുതലാണ് തന്നോടുള്ള എതിർപ്പ് ഇവർ രൂക്ഷമായി പ്രകടിപ്പിച്ച് തുടങ്ങിയത്. കോവിഡ് കാലത്ത് ഞങ്ങൾ സാമ്പത്തികമായി സഹായിച്ചവർ പോലും സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വിദ്വേഷകമന്റുകൾ എഴുതിവിട്ടു. അടുത്ത മേയിൽ സർവിസിൽനിന്ന് വിരമിക്കുന്ന തന്റെ സൽപേര് കളങ്കപ്പെടുത്താനും രാഷ്ട്രീയ ഭാവി തകർക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചത്’ -ഹസ്സൻ പറഞ്ഞു.

‘പോക്സോ ദുരുപയോഗം തടയണം’

കുട്ടികളുടെയും സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി നിർമിച്ച പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണെന്നും അതിന് തടയിടണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു. അടുത്തി​ടെ കടമ്പൂർ സ്കൂളിലും സമാനമായ വേട്ടയാടലിന് ഇരയായ അധ്യാപകനെ കോടതി വെറു​തെ വിട്ടിരുന്നു. അവിടെ മാനേജ്മെന്റും സഹപ്രവർത്തകരായ അധ്യാപകരുമായിരുന്നു കേസ് കെട്ടിച്ചമച്ചത്.

‘രാ​ഷ്ട്രീ​യ​മാ​യി ഇ​ല്ലാ​യ്മ ചെ​യ്യാനുള്ള വ്യാജ പോക്‌സോ കേസ്’

രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി അ​ധ്യാ​പ​ക​നെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ​വേ​ണ്ടിയാണ് വ്യാ​ജ പോ​ക്‌​സോ കേ​സ് കെ​ട്ടി​ച്ച​മ​ച്ചതെന്ന് കെ.​പി.​എ​സ്.​ടി.​എ കു​റ്റ​പ്പെ​ടു​ത്തി. കേ​സി​ൽ അ​ധ്യാ​പ​ക​നെ കോ​ട​തി വെ​റു​തെ വി​ട്ട​തോ​ടെ രാ​ഷ്ട്രീ​യ ല​ക്ഷ്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് തെ​ളി​ഞ്ഞു. 22 വ​ർ​ഷ​ത്തോ​ള​മാ​യി പാ​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹ​സ്സ​ൻ​മാ​സ്റ്റ​റെ രാ​ഷ്ട്രീ​യ​മാ​യി ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​ന ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു കേ​സ്.

നീ​തി പീ​ഠ​ത്തി​നു മു​ന്നി​ൽ സ​ത്യം തെ​ളി​യു​ക​യും അ​ദ്ദേ​ഹ​ത്തെ പൂ​ർ​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യുമാ​ണ് ചെ​യ്ത​ത്. ഇ​തി​നി​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ളും ജോ​ലി​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ട​തു​മാ​യ അ​നു​ഭ​വ​ങ്ങ​ളും ഒ​ക്കെ മ​നു​ഷ്യ​മ​ന​സാ​ക്ഷി​ക്കു മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ഒ​ടു​വി​ൽ നീ​തി​പീ​ഠം അ​ദ്ദേ​ഹ​ത്തെ വെ​റു​തെ വി​ടു​മ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്റെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ മാ​ന​ന​ഷ്ട​വും സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​യ തെ​റ്റാ​യ ചി​ത്രീ​ക​ര​ണ​വും ഈ ​വി​ധി​യി​ലൂ​ടെ മാ​റ്റാ​നാ​വി​ല്ല.

ഇ​ത്ത​ര​ത്തി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൂ​ഢ സം​ഘ​ങ്ങ​ളെ പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്നും ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഇ​രി​ട്ടി ഉ​പ​ജി​ല്ല ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Pala govt hss Teacher ak hassan acquitted in fake POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.