കോൺഗ്രസിന് സി.പി.എം വോട്ട്: മലക്കം മറിഞ്ഞ് സരിൻ; ‘ഷാഫി ജയിക്കാൻ ഇറക്കിയ വർഗീയ ശീട്ടിൽ സാധാരണ പ്രവർത്തകർ അകപ്പെട്ടിട്ടുണ്ടാകാം’

പാലക്കാട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കാതിരിക്കാൻ സി.പി.എം കോൺഗ്രസിന് വോട്ട് ചെയ്തെന്ന പരാമർശത്തിൽനിന്ന് മലക്കം മറിഞ്ഞ് സി.പി.എം സ്ഥാനാർഥി ഡോ. സരിൻ. കോൺഗ്രസിൽനിന്ന് രാജിവെക്കുന്നതായി അറിയിച്ച് വാർത്തസമ്മേളനം വിളിച്ചപ്പോഴാണ് സരിൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയിരുന്നത്.

എന്നാൽ, താൻ ആ രീതിയിലല്ല പറഞ്ഞതെന്നും വാർത്ത വളച്ചൊടിച്ചതാണെന്നും സരിൻ പറയുന്നു. ബി.ജെ.പി വിജയിക്കുമോ എന്ന ആശങ്കയിൽ ഷാഫി വിജയിക്കാനായി ഇറക്കിയ വർഗീയ ശീട്ടിൽ സാധാരണ പ്രവർത്തകർ അകപ്പെട്ടിട്ടുണ്ടാകാമെന്നും അത് ക്രോസ് വോട്ടിന് കാരണമായെന്നുമാണ് താൻ പറഞ്ഞതെന്നാണ് സരിൻ ഇപ്പോൾ പറയുന്നത്. 

2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്‌തെന്നായിരുന്നു സരിന്‍ നേരത്തെ പറഞ്ഞത്. 'ആ ഇടതുപക്ഷത്തെ ഷാഫി വഞ്ചിച്ചു. നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്കനുകൂലമായി ചെയ്ത വോട്ടാണ്. 2021ല്‍ ജനാധിപത്യ കേരളത്തിന് വേണ്ടിയാണ് ഇടതുപക്ഷം വോട്ട് മറിച്ചത്.

ജനകീയ മുഖങ്ങളെ ഷാഫി നഗരസഭ തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റുകയാണ്. ബിജെപിയുമായുള്ള ഡീലാണ് ഇതിന് പിന്നില്‍. ഇതിന്റെ പേരില്‍ പലരും പാര്‍ട്ടി വിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സഹാനുഭൂതി ഇല്ലായിരുന്നെങ്കില്‍ ഷാഫി എന്നേ തോറ്റു പോകുമായിരുന്നു', എന്നായിരുന്നു സരിന്‍ പറഞ്ഞത്. എന്നാൽ, അത്തരം ഒരു വോട്ടിങ് നടന്നതായി തനിക്ക് അറിയില്ലെന്ന് ഷാഫിയുടെ എതിരാളിയായിരുന്ന സി.പി.എം സ്ഥാനാർഥി സി.പി. പ്രമോദ് പറഞ്ഞു.

എല്ലാ കാര്യത്തിലും എൽ.ഡി.എഫ്, യു.ഡി.എഫ് ഡീൽ -കെ. സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിന്റെ എല്ലാ പൊതുവിഷയങ്ങളിലും തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ്-യു.ഡി.എഫ് ഡീലാണുള്ളതെന്നും ഇത് പൊളിച്ചടുക്കുന്നതായിരിക്കും പാലക്കാട്ടെയടക്കം ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തേ എൽ.ഡി.എഫ് വോട്ടുകൾ ഷാഫി പറമ്പിലിന് കിട്ടിയെന്ന എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിന്റെ പ്രസ്താവന പിന്നീടദ്ദേഹം തിരുത്തിയെങ്കിലും ഇത് വസ്തുതയാണ്. എ.ഡി.എം നവീന്റെ വീട് സന്ദർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് പാർട്ടിയിൽ അഭിപ്രായഭിന്നതയില്ലെന്നും പാർട്ടി എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നുമാണ്. അങ്ങനെയെങ്കിൽ എന്താണ് പി.പി. ദിവ്യക്കെതിരെ പാർട്ടി നടപടി കൈക്കൊള്ളാത്തതെന്നും പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.