പാലക്കാട്: ബി.ജെ.പി നേതൃത്വത്തിനും പാലക്കാട്ടെ സസ്ഥാനാർഥി കൃഷ്ണകുമാറിനുമെതിരെ തുറന്നടിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ, സി.പി.എം നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ പുകഴ്ത്തി കൂടുതൽ വിശദീകരണവുമായി രംഗത്ത്. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിന്റെ വിഡിയോ സഹിതമാണ് സന്ദീപിന്റെ മറുപടി. അഭിമുഖത്തിൽ കൃഷ്ണകുമാർ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി ‘ഇത്രയേ ഞാനും പറഞ്ഞുള്ളൂ...’ എന്നാണ് ഫേസ്ബുക് പോസ്റ്റിൽ സന്ദീപ് പറയുന്നത്.
നേരത്തെ, നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദൻ എൽ.ഡി.എഫ് സ്ഥാനാർഥിയായിരിക്കെ, എതിരാളിയായി മത്സരിച്ചാണ് കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അന്ന് തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന്റെ തലേന്ന് തന്റെ അമ്മ മരിച്ചപ്പോൾ രാഷ്ട്രീയ എതിരാളിയായ വി.എസ് തെന്റ വീട്ടിൽ എത്തിയെന്നും ആശ്വസിപ്പിച്ചെന്നും കൃഷ്ണകുമാർ അഭിമുഖത്തിൽ പറയുന്നുണ്ട്. താൻ ഇപ്പോഴും ബഹുമാനിക്കുന്ന നേതാവാണ് വി.എസ് എന്നും കൃഷ്ണകുമാർ പറയുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാര്യരുടെ വിശദീകരണം.
‘വി.എസ് കാണിച്ചത് യഥാർഥ സംസ്കാരം. രാഷ്ട്രീയ എതിരാളി എന്നത് ഒരിക്കൽപോലും അമ്മയുടെ മരണ സമയത്ത് ആശ്വസിപ്പിക്കാൻ ഒരു തടസ്സമാകരുത്. വി.എസിന്റെ സന്ദർശനം കൃഷ്ണകുമാർ ഏട്ടൻറെ മനസ്സിൽ ഇന്നും നിൽക്കുന്നതിന്റെ കാരണം ആ മുതിർന്ന നേതാവ് കാണിച്ച സൗമനസ്യമാണ്. ഇത്രയേ ഞാനും പറഞ്ഞുള്ളൂ’ -എന്നാണ് സന്ദീപിന്റെ കുറിപ്പ്.
നേരത്തെ സന്ദീപിനെതിരെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യർ പ്രമുഖ നേതാവല്ലെന്നും തെരഞ്ഞെടുപ്പിൽ അദ്ദേഹം ഉയർത്തുന്ന വിഷയം ഒരു സ്വാധീനവും ചെലുത്തില്ലെന്നുമാണ് ജാവദേക്കർ മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ജാവദേക്കർ വലിയ നേതാവും വിശാലഹൃദയനുമാണ്. എന്നെപ്പോലൊരു എളിയവനെ കാണാൻ അദ്ദേഹത്തിന് കഴിയട്ടെ, ഞാൻ പാർട്ടിയിലെ പ്രമുഖ വ്യക്തിയല്ല. സാധാരണ കാര്യകർത്താവു മാത്രമാണ്’ -എന്നായിരുന്നു ഇതിനോടുള്ള സന്ദീപ് വാര്യരുടെ പ്രതികരണം. ഒരാൾ പുറത്തുപോയാൽ ഒന്നും സംഭവിക്കില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞത് ഏറെ ദൗർഭാഗ്യകരമാണെന്നും സന്ദീപ് പറഞ്ഞു.
താൻ ഉന്നയിച്ച ആരോപണങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ക്രിയാത്മകമായൊരു നിർദേശവും വന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ‘ഇന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത് കണ്ടു. ഒരാൾ പുറത്തുപോയാൽ ഒന്നും സംഭവിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് വളരെ ദൗർഭാഗ്യകരമാണ്. ദീർഘനാളത്തെ ത്യാഗവും തപസ്യയുമെല്ലാം റദ്ദു ചെയ്യുന്നതായിപ്പോയി ആ പ്രസ്താവന. ആരു പുറത്തുപോയാലും അതീവ ദുഃഖകരമായ കാര്യമാണ്. ആളുകളെ ചേർത്തുനിർത്താനാണു നേതൃത്വം ശ്രദ്ധിക്കേണ്ടത്. സന്ദീപ് കാര്യങ്ങൾ മനസിലാക്കി തിരികെ വരണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഞാനാണോ കാര്യങ്ങൾ മനസിലാക്കേണ്ടത്. ഞാൻ ഇതിൽ ഒരു വിഷമം ഉന്നയിച്ച ആളാണ്. സുരേന്ദ്രൻ പറഞ്ഞതിൽ എന്റെ വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന സൂചനയുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിൽ അഞ്ചുദിവസം കാത്തിരുന്ന ആളാണ്. ഞാൻ പറഞ്ഞത് തെറ്റാണെന്ന നിലപാടാണ് സുരേന്ദ്രൻ എടുത്തിരിക്കുന്നത്. ഇതു ദൗർഭാഗ്യകരമാണ്. ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് തീർക്കേണ്ടത് തെരഞ്ഞെടുപ്പ് കൺവെൻഷനിലല്ല. ഒരു സഹപ്രവർത്തകനെ അവഹേളിച്ചുകൊണ്ടല്ല അത് ചെയ്യേണ്ടത്’ -സന്ദീപ് ചൂണ്ടിക്കാട്ടി.
കൃഷ്ണകുമാർ തോറ്റാൽ അതു തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുകയാണെന്നും സന്ദീപ് കുറ്റപ്പെടുത്തി. ജയിക്കണമെങ്കിൽ ശോഭാ സുരേന്ദ്രനെയോ കെ. സുരേന്ദ്രനെയോ മത്സരിപ്പിക്കണമെന്ന് താൻ പറഞ്ഞിരുന്നു. ശോഭയോ സുരേന്ദ്രനോ മത്സരിക്കണമായിരുന്നു. സ്ഥിരമായി തോൽക്കുന്ന സ്ഥാനാർഥി വീണ്ടും വീണ്ടും മത്സരിക്കുന്നത് പാർട്ടിക്ക് ഗുണകരമാവില്ലെന്നു പൊതുസമൂഹം വിലയിരുത്തിയിട്ടുണ്ടെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ആദ്യം പ്രശ്‌നങ്ങളുണ്ടെന്ന് അംഗീകരിക്കണം. തെരഞ്ഞെടുപ്പ് കാലത്തല്ല ഇതൊന്നും പറയേണ്ടതെന്നാണ് കെ.സുരേന്ദ്രന്‍ പറയുന്നത്. ഇത് ആദ്യം അദ്ദേഹം പറയേണ്ടത് അദ്ദേഹത്തിന്റെ സന്തതസഹചാരിയായ കോഴിക്കോട്ടെ ബി.ജെ.പി നേതാവ് പി.രഘുനാഥിനോടാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വെച്ചാണ് അദ്ദേഹം തന്നെ അധിക്ഷേപിച്ചത്. എന്നിട്ടും പ്രശ്‌നമൊന്നുമില്ലെന്നാണ് പറയുന്നതെങ്കില്‍ ഇങ്ങനെ ആത്മാഭിമാനം പണയംവെച്ച് തിരിച്ചുവരാനില്ല എന്നാണ് നിലപാട് -സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.