പാലക്കാട്: തെൻറ വോട്ടുമായി ബന്ധപ്പെട്ടുന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ വെല്ലുവിളിച്ച് പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി. സരിൻ. ഭാര്യ ഡോ. സൗമ്യ സരിനുമായി ചേർന്ന് മണപ്പുള്ളിക്കാവിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. 2017 ലാണ് പാലക്കാട്ട് വീട് വാങ്ങിയത്. 2020 ൽ വാടകക്ക് നൽകി. ഈ വീടിന്റെ വിലാസം നൽകിയാണ് വോട്ടർപട്ടികയിൽ ചേർത്തത്. തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്താണ്. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസത്താലാണ് താൻ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. താൻ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോൾ ചിലർക്ക് സങ്കടമാണെന്നും സരിൻ പറഞ്ഞു.
ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയതല്ലെന്ന് ഡോ. സൗമ്യ സരിൻ പ്രതികരിച്ചു. തന്റെ വഴി രാഷ്ട്രീയമല്ല. താൻ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതൽ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു. വ്യാജ വോട്ടറെന്ന നിലയിൽ പ്രചരണമുണ്ടായി. ഈ വീട് എന്റെ പേരിൽ താൻ വാങ്ങിയതാണ്. ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് കരുതി വാങ്ങിയതല്ല. സ്വന്തം ജില്ലയിൽ വീട് വേണമെന്ന് കരുതി വായ്പയെടുത്ത് വാങ്ങിയതാണ്. വീടിന്റെ ആധാരം കാണിച്ച സൗമ്യ കരം അടച്ചതടക്കം മുഴുവൻ രേഖകളുണ്ടെന്നും പറഞ്ഞു. രാഷ്ട്രീയത്തിൽ മിനിമം നിലവാരം വേണം.
ഭർത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പൻ നിലപാടാണ്. ആറ് മാസമായി താൻ ഇവിടെ താമസിക്കുന്നില്ലെന്നതിന് പ്രതിപക്ഷ നേതാവിന് എന്ത് തെളിവാണുള്ളതെന്നും ഡോ. സൗമ്യ ചോദിച്ചു. വോട്ട് മാറ്റാൻ നഗരസഭ അന്യായമായി എന്ത് സഹായമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും 2018 മുതൽ താൻ പാലക്കാട്ടെ താമസക്കാരനാണെന്നും 2020 ൽ കോവിഡ് കാലത്താണ് വോട്ട് ഒറ്റപ്പാലത്തേക്ക് മാറ്റിയതെന്നും പി. സരിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.