കൊച്ചി: ബലക്ഷയത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേൽപാലം പുനർനിർമാണത്തിന്റെ ഭാഗമായി പൊളിച്ചു തുടങ്ങി. രാവിലെ ഒമ്പതു മണിയോടെ പൂജക്ക് ശേഷമാണ് പാലം പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്. പാലത്തിന്റെ ടാർ ഇളക്കി മാറ്റുന്ന ജോലികളാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. ഡി.എം.ആർ.സിയുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെും ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.
ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ പകലും രാത്രിയും ഓരോ ഭാഗങ്ങളായി പൊളിച്ചു നീക്കാനാണ് തീരുമാനം. പാലം പൊളിച്ചു പണിയാൻ നേരത്തെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമിക്കുന്നത്.
നിലവിലെ കൺവെൻഷനൽ ഗർഡറുകൾക്ക് പകരം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകളായിരിക്കും സ്ഥാപിക്കുക. മേൽപാലത്തിലെ ടാറിങ് എക്സ്കവേറ്റർ ഉപയോഗിച്ച് ഇളക്കി നീക്കുന്നതാണ് ആദ്യഘട്ടം. ഇതിനുശേഷം കോൺക്രീറ്റ് ചെറിയ കഷണങ്ങളാക്കി ക്രെയിൻ ഉപയോഗിച്ച് നീക്കും.
എട്ടു മാസത്തിനകം പണി പൂർത്തിയാക്കും. മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ ഡി.എം.ആർ.സിക്കാണ് പുനർനിർമാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.