കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകൻ പീഡിപ്പിച്ച കേസിൽ കുറ്റപത്രം ഉടൻ. അന്വേഷണം ഏറെക്കുറെ പൂർത്തിയാക്കിയ അന്വേഷണസംഘം പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയുള്ള കുറ്റപത്രം നൽകാനുള്ള ഒരുക്കത്തിലാണ്. പ്രതി പാലത്തായി യു.പി സ്കൂൾ അധ്യാപകനും ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജെനതിരെ (പപ്പൻ -45) തെളിവുകൾ കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. സംഘ്പരിവാർ അധ്യാപകസംഘടന എൻ.ടി.യുവിെൻറ ജില്ല നേതാവ് കൂടിയാണ് പത്മരാജൻ. 2020 മാർച്ചിലാണ് പെൺകുട്ടി ചൈൽഡ് ലൈൻ മുമ്പാകെ മൊഴിനൽകിയത്.
പോക്സോ പ്രകാരം പാനൂർ പൊലീസ് ചാർജ് ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്സോ ഒഴിവാക്കിയത് ഏറെ വിമർശനത്തിന് വഴിവെച്ചിരുന്നു. കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്ത്, പത്മരാജനെതിരെ തെളിവില്ലെന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നും പറഞ്ഞത് ഏറെ വിവാദമായി. പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും പെൺകുട്ടിയുടെ മാതാവും ആക്ഷൻ കമ്മിറ്റിയും കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടർന്നാണ് എ.ഡി.ജി.പി ഇ.ജെ. ജയരാജെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി രത്നകുമാറിെൻറ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്. ആറു മാസത്തിലേറെ നീണ്ട അന്വേഷണത്തിനുശേഷമാണ് ഇപ്പോൾ തെളിവ് കണ്ടെത്തി കുറ്റപത്രം തയാറാക്കിയത്.
നേരത്തേയുണ്ടായിരുന്ന അന്വേഷണസംഘം വിട്ടുകളഞ്ഞ തെളിവുകൾ ശേഖരിച്ചാണ് പുതിയ സംഘം കുറ്റപത്രം തയാറാക്കിയത്. സ്കൂളിലെ ശുചിമുറിയിൽ വെച്ച് അധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിന് ബലമേകുന്ന തെളിവായി ശുചിമുറിയില്‍നിന്ന് പൊളിച്ചെടുത്ത ടൈല്സില് രക്തക്കറയുള്ളതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ, പീഡനവിവരം പെണ്‍കുട്ടി കൂട്ടുകാരികളോട് പറഞ്ഞിരുന്നു. കൂട്ടുകാരികളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയതും അധ്യാപകനെതിരായ ശക്തമായ തെളിവാണ്. ഡിവൈ.എസ്.പി രത്നകുമാർ ഇപ്പോൾ സ്പെഷൽ ബ്രാഞ്ച് ഡ്യൂട്ടിയിലാണ്. തെരഞ്ഞെടുപ്പ് കാലത്തെ മാറ്റം കഴിഞ്ഞ് പഴയ ചുമതലയിൽ അദ്ദേഹം തിരിച്ചെത്തുന്നമുറക്ക് കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.