പാനൂർ: പാലത്തായി പീഡനക്കേസിൽ സത്യസന്ധമായ പുനരന്വേഷണം വേണമെന്ന് മഹിള കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും കൊല്ലം ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണയും ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയുമായും ബന്ധുക്കളുമായും സംസാരിച്ചതിനുശേഷം വാർത്തസമ്മേളനത്തിലാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. ആദ്യം മുതൽ തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ഇവർ ആരോപിച്ചു.
കൗൺസലിങ്ങിന് വന്നവർ പോലും അശ്ലീല ചോദ്യങ്ങൾ ചോദിച്ച് മാനസികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. മൊഴിയെടുക്കാത്ത ദിവസങ്ങളിൽ മൊഴിയെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കുട്ടിയെ സഹായിക്കാൻ വന്ന പലരും പിന്നീട് മാനസികമായി പീഡിപ്പിച്ച് കേസ് വഴിതെറ്റിക്കാനാണ് ശ്രമിച്ചത്. വനിത ശിശുക്ഷേമ മന്ത്രിയുടെ മണ്ഡലമായിട്ടുപോലും കഴിഞ്ഞ ആറ് മാസത്തിനിടെ ഒരുതവണ പോലും മന്ത്രി കുട്ടിയെ സന്ദർശിക്കാത്തത് ദുരൂഹമാണ്.
വാളയാർ പെൺകുട്ടികളുടെ ഗതി ഈ കേസിനും ഉണ്ടാവാതിരിക്കാൻ മഹിള കോൺഗ്രസ് ഈ കേസിൽ ഇടപെടും. കുട്ടിയുടെ വക്കീലുമായി സംസാരിക്കുകയും കുട്ടിയുടെ തുടർപഠനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും. പൊലീസും സർക്കാറും ചേർന്ന് കേസ് അട്ടിമറിക്കുകയാണെന്ന വ്യക്തമായ വിവരങ്ങളാണ് കുട്ടിയിൽ നിന്നും ബന്ധുക്കളിൽനിന്നും തങ്ങൾക്ക് ലഭിച്ചത്.
അതിനാൽ, കേസ് പുനരന്വേഷണം നടത്തി പെൺകുട്ടിക്ക് നീതി ലഭിക്കുംവരെ പോരാടുമെന്നും ഇരുവരും പറഞ്ഞു. കണ്ണൂർ മുൻ മേയർ സുമ ബാലകൃഷ്ണൻ, പാനൂർ നഗരസഭ ചെയർപേഴ്സൻ ഇ.കെ. സുവർണ, വൈസ് ചെയർപേഴ്സൻ കെ.വി. റംല, നിഷിത, ജിഷ വള്ള്യായി, പ്രീത അശോക്, ഷിബിന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.