മലപ്പുറം: ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ അവബോധം പകരാൻ എം.ഇ.എസ് സംസ്ഥാനത്ത് 100 സെമിനാറുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 16ന് ഉച്ചക്ക് 2.30ന് തിരൂർ നടുവിലങ്ങാടി ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ നിർവഹിക്കും. ഡോ. ഫസൽ ഗഫൂർ വിഷയം അവതരിപ്പിക്കും. കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, ചരിത്രകാരൻ ഡോ. പി.ജെ. വിൻസെന്റ് തുടങ്ങിയവർ സംസാരിക്കും.
ഫലസ്തീൻ വിഷയം മുസ്ലിം വിഷയമല്ലെന്നും മാനുഷികവിഷയമാണെന്നും ഡോ. ഫസൽ ഗഫൂർ പറഞ്ഞു. ഫലസ്തീനിൽ മുസ്ലിംകൾ മാത്രമല്ല വസിക്കുന്നത്. ലോകത്ത് സമാധാനം പുലരേണ്ടത് മാനവരാശിക്ക് അനിവാര്യമാണ്. ജാതി സെൻസസ് വിഷയത്തിൽ എൻ.എസ്.എസ് നിലപാട് യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണ്. സാഹചര്യം മനസ്സിലാക്കാൻ അദ്ദേഹം രാജ്യം മുഴുവൻ സഞ്ചരിക്കണം. ജാതി പിന്നാക്കാവസ്ഥയുടെ ആഴം വലുതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.ഇ.എസ് സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ, ജില്ല പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി, സെക്രട്ടറി സി.കെ. ഉമ്മർ ഗുരുക്കൾ, തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.