കോഴിക്കോട്: ഏറെക്കാലമായി വേദനയും കണ്ണീരും പൊഴിച്ച് കഴിയുന്നവര്‍ക്കും വീടിന്‍െറ നാലുചുമരുകളില്‍ ഒതുങ്ങിക്കൂടിയവര്‍ക്കും താങ്ങും തണലുമാവാന്‍ തുടങ്ങിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി 25ാം വയസ്സിലേക്ക്. സൊസൈറ്റിക്കുകീഴില്‍ 1993ല്‍ മെഡിക്കല്‍ കോളജില്‍ ആരംഭിച്ച സാന്ത്വനകേന്ദ്രം പിന്നീട് കേരളത്തിനൊന്നാകെ മാതൃകയാവുന്ന രീതിയിലേക്ക് വളര്‍ന്നുപന്തലിക്കുകയായിരുന്നു. കേരളത്തിലെ ആദ്യ പാലിയേറ്റിവ് ഇന്‍സ്റ്റിറ്റ്യൂട്ടായ ഐ.പി.എം തന്നെയാണ് സംസ്ഥാനത്തുടനീളം പാലിയേറ്റിവ് യൂനിറ്റുകള്‍ തുടങ്ങാന്‍ വഴികാട്ടിയായതും. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടിയാണ് ഐ.പി.എം. തുടക്കത്തില്‍ അര്‍ബുദരോഗികള്‍ക്കുള്ള പരിചരണത്തിനായി ഒ.പി മാത്രമായി സംരംഭം തുടങ്ങി. പിന്നീട് സര്‍ക്കാര്‍ സ്ഥലം നല്‍കുകയും 2003ല്‍ സ്ഥാപക ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍, ഡോ. രാജഗോപാല്‍ എന്നിവരുടെ കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്‍ (ഐ.പി.എം) സ്ഥാപിക്കുകയുമായിരുന്നു.
ഇതേവര്‍ഷംതന്നെ രോഗികള്‍ക്ക് കിടത്തി ചികിത്സയാരംഭിച്ചു. നാലു വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട് കോര്‍പറേഷനുകീഴിലെ രോഗികള്‍ക്ക് അത്യാവശ്യമാണെങ്കില്‍ രാത്രിയും സേവനം നല്‍കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്ന് കേരളത്തിലൊന്നാകെ 250ലേറെ പാലിയേറ്റിവ് ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗര-ഗ്രാമഭേദമില്ലാതെ കിടപ്പായവരുടെയും ആശ്രയം തേടുന്നവരെയും വീട്ടില്‍പോയി പരിചരിച്ച് ഇവിടങ്ങളിലെ വളന്‍റിയര്‍മാര്‍ സാമൂഹികസേവനത്തിന്‍െറ പുതിയ തീരങ്ങള്‍ കണ്ടത്തെുന്നു. കിടത്തിചികിത്സ ഉണ്ടെങ്കിലും രോഗികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിചരണത്തിനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാധാന്യം നല്‍കുന്നത്. പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ചികിത്സയും മരുന്നും ഭക്ഷണവുമെല്ലാം സൊസൈറ്റി സൗജന്യമായി നല്‍കുന്നു. ദിവസവും രണ്ട് ഹോംകെയര്‍ യൂനിറ്റുകളെങ്കിലും സേവനത്തിനിറങ്ങുന്നുണ്ട്.
നട്ടെല്ലിന് ക്ഷതം സംഭവിച്ചും മറ്റും കിടപ്പായവര്‍ക്കായി ഫൂട്ട്പ്രിന്‍റ്സ് എന്ന പേരില്‍ പുനരധിവാസ പദ്ധതിയുമുണ്ട്. കുട, ആഭരണങ്ങള്‍, ബാഗ് തുടങ്ങിയവ ഇവര്‍ നിര്‍മിച്ച് പാലിയേറ്റിവ് കെയര്‍ സ്റ്റുഡന്‍റ്സിന്‍െറ സഹായത്തോടെ വിവിധയിടങ്ങളില്‍ വില്‍പന നടത്തുന്നു. ‘എല്ലാവര്‍ക്കും പരിചരണം, എല്ലാവര്‍ക്കും പരിശീലനം’ എന്ന ലക്ഷ്യത്തോടെ എല്ലാ വീട്ടിലും ഒരാളെയെങ്കിലും പാലിയേറ്റിവ് പരിചരണത്തിനൊരുക്കുകയാണ് ഐ.പി.എമ്മിന്‍െറ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൊന്ന്. കൂടാതെ, ദേശീയതലത്തില്‍ താല്‍പര്യമുള്ള 25,000 പേരടങ്ങുന്ന കംപാഷനേറ്റ് കൂട്ടായ്മ രൂപവത്കരിച്ച് ഒരു ദിവസം മൂന്നു രൂപ ഓരോരുത്തരില്‍നിന്നും ശേഖരിക്കുന്ന പദ്ധതിയും 25ാം വര്‍ഷത്തെ പ്രത്യേക പദ്ധതിയാണ്. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി സാമൂഹികമായ മാറ്റമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സൊസൈറ്റി വൈസ്ചെയര്‍മാന്‍ ജോസ് പുളിമൂട്ടില്‍ പറയുന്നു. താരതമ്യേന കുറഞ്ഞ ശമ്പളമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. സാമൂഹികബാധ്യതയും അര്‍പ്പണമനോഭാവവും തന്നെയാണ് ഈ ഡോക്ടര്‍മാര്‍ക്ക് ഇവിടെ തുടരാനുള്ള ഊര്‍ജം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.