തിരുവനന്തപുരം: മുസ്‌ലിം പിന്നാക്കാവസ്‌ഥ പരിഹരിക്കാൻ നിയോഗിക്കപ്പെട്ട പാലോളി-സച്ചാർ കമ്മിറ്റി നിർദേശങ്ങൾ പൂർണമായും നടപ്പാക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീൻ നദ്‌വി. തിങ്കളാഴ്ച എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം പിന്നാക്കാവസ്ഥയുടെ വ്യാപ്തി വ്യക്തമാക്കുന്ന സച്ചാർ, പാലോളി, നരേന്ദ്രൻ തുടങ്ങിയ വ്യത്യസ്ത കമീഷനുകളുടെ റിപ്പോർട്ടുകളുണ്ടായിട്ടും മുസ്‌ലിം ക്ഷേമപദ്ധതി എന്ന നിലയിൽ അവ നടപ്പാക്കാതെ അതിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത് മുസ്‌ലിം വിരുദ്ധതയിലധിഷ്ഠിതമായ വിവേചനമാണെന്നും സച്ചാർ-പാലോളി കമ്മിറ്റി ശിപാർശകൾ പൂർണമായും നടപ്പാക്കുക എന്നത് മാത്രമാണ് നീതിയെന്നും ആ ആവശ്യം ഉയർത്തി തുടർ പ്രക്ഷോഭങ്ങൾക്ക് എസ്.ഐ.ഒ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ചിൽ മെക്ക സംസ്ഥാന പ്രസിഡന്‍റ് പ്രഫ. ഇ. അബ്ദുൽ റഷീദ്, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് ഷംസുദ്ദീൻ മന്നാനി, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, എസ്.ഐ.ഒ സംസ്ഥാന ശൂറ അംഗം അൽത്താഫ് റഹീം, ജില്ല സെക്രട്ടറി നജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.