മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ.എം ഷാജിയുടെ പരാമർശത്തെ തള്ളി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുനമ്പത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാടെന്ന് സാദിഖലി തങ്ങൾ ആവർത്തിച്ചു.
പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരാണ് മുന്നിട്ട് ഇറങ്ങേണ്ടത്. പ്രശ്നപരിഹാരത്തിന് സർക്കാറിനെ ചുമതലപ്പെടുത്തുകയാണ് മുസ് ലിം സംഘടനകൾ ചെയ്തത്. മുസ് ലിം സംഘടനകളുടെ നിലപാട് ക്രൈസ്തവ ബിഷപ്പുമാരെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ആശ്വാസമായ പ്രതികരണമാണ് ബിഷപ്പ് നടത്തിയത്. നിലവിലെ നിലപാടിൽ നിന്ന് മുസ് ലിം സംഘടനകൾ പിന്നോട്ട് പോയിട്ടില്ല.
സർക്കാർ നടപടികൾ വൈകുന്നത് കൊണ്ടാണ് അനാവശ്യ പരാമർശങ്ങൾ പലരിൽ നിന്ന് ഉയരുന്നത്. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്ത് കൊടുക്കണമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
കെ.എം ഷാജിയുടെ പ്രസംഗത്തെ കുറിച്ചും സാദിഖലി തങ്ങൾ പ്രതകരിച്ചു. പ്രസംഗിക്കുമ്പോൾ ഓരോരുത്തരും ഓരോ ശൈലി സ്വീകരിക്കുമെന്നും അത് ലീഗ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിന് ഒറ്റ അഭിപ്രായമാണെന്നും നേതൃത്വത്തിന്‍റെ നിലപാട് അനുസരിക്കുമെന്നും തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചർച്ചയെന്നും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണത്തിലേക്ക് പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഒരു കമീഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് തീരുമാനം എടുക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുനമ്പം ഭൂമി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ അഭിപ്രായം തളളിയാണ് മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി പ്രസംഗിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കെ.എം ഷാജി പറഞ്ഞത്. പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്‍റെ നിലപാട് തുറന്ന് പറഞ്ഞത്.
'മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ് ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളജ് അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ് ലിം ലീഗാണോ? ഭരണകൂടമല്ലേ ചെയ്യേണ്ടത്.'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.