പുൽപള്ളി (വയനാട്): ടൗണിലെ കരിമം മാർക്കറ്റിലെ ബീഫ് സ്റ്റാളിൽ വിൽപനക്ക് വച്ച 50 കിലോയോളം പോത്തിറച്ചി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ മണ്ണെണ്ണ ഒഴിപ്പിച്ച് നശിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് കടയുടമ ബിജു കുടകപറമ്പിൽ, മൊയ്തീൻ കാലോടിൽ എന്നിവർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ ജീവനക്കാർ എത്തി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചുവെന്നും 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായും കടയുടമ പറഞ്ഞു. ആറ് മാസം മുമ്പ് പഞ്ചായത്ത് മാർക്കറ്റിന് ലൈസൻസ് നൽകാത്തതിനെ തുടർന്ന് ഉടമ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. തുടർന്ന് ചിക്കൻ സ്റ്റാളും മത്സ്യ സ്റ്റാളും ആരംഭിച്ചു.
കഴിഞ്ഞ ദിവസം മുതൽ ബീഫ് വിൽപന ആരംഭിച്ചതോടെയാണ് പഞ്ചായത്ത് അധികൃതർ ബീഫ് വിൽക്കാൻ പാടില്ലെന്ന നിർദേശവുമായി കടയുടമക്ക് നോട്ടീസ് നൽകിയത്. എന്നാൽ, പഞ്ചായത്തിലെ ഒരു സ്ഥലത്തും ബീഫ് സ്റ്റാളിന് ലൈസൻസ് ഇല്ലെന്നിരിക്കെ മറ്റ് സ്റ്റാളുകൾക്ക് എതിരെ നടപടി സ്വീകരിക്കാതെ പുതിയതായി തുടങ്ങിയ സ്റ്റാളിനെതിരെ മാത്രം നടപടി സ്വീകരിച്ചത് പക്ഷപാത നിലപാടാണെന്നും കോടതിയെ സമീപിക്കുമെന്നും ഉടമ ബിജു പറഞ്ഞു.
പഞ്ചായത്ത് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന താഴെ അങ്ങാടി മാർക്കറ്റിൽ മൂന്ന് ബീഫ് സ്റ്റാളുകൾ അനധികൃതമായി പ്രവർത്തിക്കുമ്പോൾ അവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ബിജു ആരോപിച്ചു.
അതേസമയം, കടയുടമയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ് കുമാർ പറഞ്ഞു. കട ഉടമ ഹൈകോടതിയിൽനിന്ന് താൽകാലിക ഉത്തരവ് സമ്പാദിച്ചാണ് കടക്ക് ലൈസൻസ് വാങ്ങിയത്. മുൻ പഞ്ചായത്ത് ഭരണസമിതി ടൗണിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായാണ് താഴെ അങ്ങാടിയിൽ പൊതുമാർക്കറ്റ് ആരംഭിച്ചത്. എന്നാൽ, ഇതിനെ മറികടന്ന് ടൗണിലെ പല ഭാഗങ്ങളിലും ഇറച്ചിമാർക്കറ്റ് ആരംഭിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് സ്റ്റാളിലെത്തി പഞ്ചായത്ത് അധികൃതർ ഇറച്ചിയിൽ മണ്ണെണ്ണ ഒഴിച്ച സംഭവം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് അഗ്രികൾച്ചറൽ പൗൾട്രി ഫാർമേഴ്സ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. വായ്പയെടുത്തും മറ്റും കട തുടങ്ങിയ കർഷകനെ പീഡിപ്പിക്കുന്ന സമീപനത്തിൽനിന്ന് പഞ്ചായത്ത് അധികൃതർ പിന്മാറണമെന്നും അല്ലാത്തപക്ഷം സംഘടന സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കളായ ഹാരിസ്, സിബി കുന്നുംപുറം, റെജി, വിനു വാളവയൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.