തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിലെ വിവിധ സേവനങ്ങൾ പരമാവധി ഒാൺലൈൻ സംവിധാനത്തിലൂടെ ലഭ്യമാക്കണമെന്നും അപേക്ഷകൾ ഇ-മെയിൽ അല്ലെങ്കിൽ ഓൺലൈനായി അയക്കാൻ പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകണമെന്നും നിർദേശം. ആളുകൾ കൂടുതലായി ഓഫിസിലെത്തുന്ന സാഹചര്യം കുറക്കാനാണിത്. ഓഫിസ് ഇ-മെയിൽ വിലാസം, ഓൺലൈൻ വെബ് വിലാസങ്ങൾ എന്നിവ പരസ്യപ്പെടുത്തണമെന്നും പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു.
സേവനങ്ങൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നൽകണം. ഓഫിസിൽ എത്തുന്നവർ പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്രണ്ട് ഓഫിസിലൂടെ മാത്രമാകണം സേവനങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളിൽ രോഗപ്രതിരോധനടപടികൾക്ക് മുൻതൂക്കം നൽകി അടിയന്തരസ്വഭാവമുള്ള സേവനങ്ങൾ മാത്രം നൽകാൻ നടപടി സ്വീകരിക്കണം. ഗ്രാമപഞ്ചായത്തുകൾക്ക് രോഗപ്രതിരോധം, ചികിത്സാകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അധിക ജീവനക്കാരെ ആവശ്യമായി വന്നാൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിൽനിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർമാർ വിന്യസിക്കണം.
ജീവനക്കാർ ഓഫിസിൽ ഹസ്തദാനം ചെയ്യുന്നതും ആഹാരം, പാത്രങ്ങൾ എന്നിവ പങ്കുെവക്കുന്നതും ഒഴിവാക്കണം. ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദർശനത്തിന് പോയാലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഒരു മാസത്തേക്ക് ടേൺ ആയി തിരിച്ച് ഡ്യൂട്ടി ക്രമീകരിക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.