പന്തളം: ശരണംവിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തിരുവാഭരണ ഘോഷയാത്ര പ ന്തളത്തുനിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ച 4.30ന് ശ്രാമ്പിക് കല് കൊട്ടാരത്തില്‍നിന്ന് പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ എത്തിച്ച തിരുവാഭരണം വണങ്ങാന്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു. ഉച്ചക്ക് 12ന് ക്ഷേത്രനട അടച്ച് ചതയം നാള് രാമവര്‍മരാജയുടെ നേതൃത്വത്തില്‍ പൂജ നടത്തിയ ശേഷം പേടകങ്ങളടച്ച് വീരാളിപ്പട്ട് വിരിച്ച് പൂമാലയും ചാര്‍ത്തി ഘോഷയാത്രക്ക് ഒരുങ്ങി. ഏഴര മണിക്കൂര്‍ ദര്‍ശനത്തിനു ശേഷം ഉച്ചക്ക് 12ന് ഉച്ചപൂജക്കായി നടയടച്ചു. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ മൂന്നാംമുറ തമ്പുരാന് ചതയം നാള് രാമവര്‍മരാജയും രാജപ്രതിനിധിയായി തിരുവാഭരണത്തോടൊപ്പം മലചവിട്ടുന്ന ഉത്രംനാള്‍ ആർ. പ്രദീപ്കുമാർ വർമയും ക്ഷേത്രത്തിലെത്തി.
വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മേല്‍ശാന്തി വിഷ്ണു പോറ്റി ഉടവാള് വലിയ തമ്പുരാനെ ഏല്പിച്ചു. തമ്പുരാന് അത് രാജപ്രതിനിധിക്കു നൽകി. കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തില്‍ തിരുവാഭരണം ശിരസ്സിലേറ്റുന്ന 24 അംഗസംഘത്തെ തമ്പുരാന് വിഭൂതി നൽകി അനുഗ്രഹിച്ചു. തുടര്‍ന്ന് ആരതി ഉഴിഞ്ഞ് തിരുവാഭരണങ്ങള്‍ പെട്ടിയിലാക്കുന്ന ചടങ്ങ് നടന്നു. ഈ സമയം ക്ഷേത്രത്തിനു മുകളില്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. ഇതോടെ അയ്യപ്പഭക്തരുടെ ശരണംവിളികള് ഉച്ചസ്ഥായിയിലായി. ഒരു മണിയോടെ തിരുവാഭരണപേടകം ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളിച്ചു. ആചാരവെടികള്‍ മുഴങ്ങി. പമ്പമേളത്തിെൻറയും പഞ്ചവാദ്യത്തിെൻറയും നാഗസ്വരത്തിെൻറയും അകമ്പടിയോടെ ഘോഷയാത്ര പുറപ്പെട്ടു. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ഘോഷയാത്രയെ അനുഗമിക്കുന്നു.
ക്ഷേത്രത്തിനു മുന്നില്‍ ദേവസ്വം ബോര്‍ഡ്, കൊട്ടാരം നിര്‍വാഹക സംഘം, ക്ഷേത്ര ഉപദേശക സമിതി, പന്തളം നഗരസഭ എന്നിവരും മേടക്കല്ലില്‍ പൊലീസും പ്രധാന കവാടത്തിെൻറ മുന്നില്‍ ആരോഗ്യവകുപ്പ്, അഗ്നിശമന സേന എന്നിവരും മണികണ്ഠന് ആല്‍ത്തറയില്‍ അയ്യപ്പസേവസംഘവും എം.സി റോഡിൽ അന്നദാനകേന്ദ്രത്തിനു സമീപം അയ്യപ്പസേവ സമാജവും സ്വീകരണം നല്കി. തൊട്ടുപിന്നാലെ പല്ലക്കില്‍ യാത്രതിരിച്ച രാജപ്രതിനിധി കൈപ്പുഴ നാലുകെട്ട് കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി മകം നാള് തന്വംഗിയെ കണ്ടുവണങ്ങി ഭസ്മക്കുറി സ്വീകരിച്ച് യാത്ര തുടര്‍ന്നു. കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘത്തിനാണ് തിരുവാഭരണം എഴുന്നള്ളിക്കാനുള്ള ചുമതല. ബുധനാഴ്ച വൈകുന്നേരം ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളോടെ ദേവസ്വം അധികാരികള്‍ എതിരേല്ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.