തിരുവനന്തപുരം: പാങ്ങപ്പാറയിൽ ബഹുനില കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനാണ് നിർദേശം. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ നിർമാണം അനുവദിക്കില്ലെന്നും നിർദേശത്തിൽ പറയുന്നു. നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലു പേർ മരിച്ച സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.
തിങ്കളാഴ്ചയാണ് പാങ്ങപ്പാറ ആരോഗ്യ കേന്ദ്രത്തിന് എതിർവശത്ത് കെട്ടിടനിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്കു വീണത്. 19 നിലകളിലായി 223 അപാർട്ട്മെൻറുകളുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. പില്ലറുകൾക്കായി മണ്ണ് നീക്കി കുഴിയെടുത്ത ഭാഗത്ത് സംരക്ഷണഭിത്തിയുടെ നിർമാണം നടക്കുന്നതിനിടെയായിരുന്നു ദുരന്തം.
സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളടക്കം നാലു പേർ മരിച്ചു. സാരമായി പരിക്കേറ്റ വട്ടപ്പാറ വേങ്കോട് സുദർശന വിലാസത്തിൽ സുദർശനൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.