തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് മത്സരമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പ്രസ്താവന തള്ളി മുതിർന്ന സി.പി.ഐ നേതാവും തിരുവനന്തപുരത്തെ സ്ഥാനാർഥിയുമായ പന്ന്യൻ രവീന്ദ്രൻ. ഇ.പിയുടെ പ്രസ്താവന യാഥാർഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് പന്ന്യൻ പറഞ്ഞു. തെരഞ്ഞടുപ്പ് കാലത്ത് സൂക്ഷിച്ച് മാത്രമേ കാര്യങ്ങൾ പറയാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി രണ്ടാം സ്ഥാനത്തല്ലെന്നും ബി.ജെ.പിയോട് ജനങ്ങൾക്കുണ്ടായ പ്രണയം കുറഞ്ഞുവെന്നും പന്ന്യൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഒരുപാട് ആശങ്കയുണ്ട്. പൗരത്വ ഭേദഗതി നിയമം അവരെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന് പക്വതയുള്ള നേതൃത്വമില്ല. ഹിന്ദി മേഖല വിട്ട് രാഹുൽ ഗാന്ധി എന്തിനാണ് കേരളത്തിൽ വരുന്നത്. കെ.സി. വേണുഗോപാലും കേരളത്തിൽ വന്ന് മത്സരിക്കുകയാണ്. രണ്ടു പേരും മത്സരിക്കുന്നത് ഇടതുപക്ഷത്തിന് എതിരെയാണെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ രണ്ടാം സ്ഥാനത്ത് വരുമെന്നും തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരാണെന്നും ഇ.പി. ജയരാജൻ പറഞ്ഞത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. എന്നാൽ, ഇന്നലെ ബി.ജെ.പി സ്ഥാനാർഥികൾ മികച്ചതെന്ന പരാമർശം ജയരാജൻ തിരുത്തിയിരുന്നു.
'ബി.ജെ.പി സ്ഥാനാർഥികൾ എങ്ങനെയുണ്ട് എന്ന് ചിലർ എന്നോട് ചോദിച്ചു. ഞാൻ അവരെയൊന്നും കുറ്റപ്പെടുത്തിയില്ല. അതാണ് ‘മികച്ചത്’ എന്ന നിലക്ക് വ്യാഖ്യാനിക്കപ്പെട്ടത്. ഇന്ത്യയിൽ സി.പി.എം ശക്തമായി എതിർക്കുന്നത് ബി.ജെ.പിയെയാണ്. ഇടതുപക്ഷത്തെ കൈകാര്യം ചെയ്യാനാണ് ബി.ജെ.പിയും ശ്രമിക്കുന്നത്' - ജയരാജൻ പറഞ്ഞു.
ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണവും ജയരാജൻ തള്ളി. രാജീവ് ചന്ദ്രശേഖറിനെ താനിതുവരെ കണ്ടിട്ട് പോലുമില്ല. ഫോണിലും സംസാരിച്ചിട്ടില്ല. വൈദേകം ആയുർവേദ റിസോർട്ടിനെക്കുറിച്ചാവും പറഞ്ഞിട്ടുണ്ടാകുക. വൈദേകത്തിലെ ചികിത്സ നടത്തിപ്പാണ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി ഏറ്റെടുത്തത്. അവർ പലയിടത്തും ബിസിനസ് നടത്തുന്നുണ്ട്. ഇതൊന്നും ഞാനറിഞ്ഞല്ല ചെയ്തതല്ലെന്നും ജയരാജൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.