പാനൂർ വിഷ്ണുപ്രിയ വധക്കേസ്: പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി; ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതകക്കേസിൽ പ്രതി ശ്യാംജിത്തുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി. ശ്യാംജിത്തിന്റെ മാനന്തേരിയിലെ വീടിനോട് ചേർന്ന പറമ്പിലാണ് തെളിവെടുപ്പ് നടക്കുന്നത്. കൊലപാതകത്തിനു ശേഷം പ്രതിയുപേക്ഷിച്ച ആയുധങ്ങളും വസ്ത്രങ്ങളും ഷൂസും കണ്ടെത്തി. ഇവ ബാഗിലാക്കി കുളത്തിൽ താഴ്ത്തിയ നിലയിലായിരുന്നു. ബാഗിൽ നിന്ന് വെള്ളക്കുപ്പി, മുളക് പൊടി, പവർ ബാങ്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ബൈക്കും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പതികളുടെ മകൾ വിഷ്ണുപ്രിയ (23)യെ ശ്യാംജിത്ത് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പ്രതി ആയുധം വാങ്ങിയ കടയും കൃത്യനിർവഹിച്ചതിനുശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച കുളവും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചുറ്റികയും വാങ്ങിയത് പാനൂരിൽ നിന്നു തന്നെയാണ് ആയുധങ്ങൾ വാങ്ങിയത്.

പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്സ്ആപ്പ് കോൾ വിഡിയോ റെക്കോർഡുമാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ശ്യാംജിത്തിനെ പൊലീസ് പിടികൂടിയത്.

Tags:    
News Summary - panoor death case: Weapons recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.