കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിന്‍റെ കാറിൽ രക്തക്കറ കണ്ടെത്തി. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോഴാണ് സീറ്റിൽ രക്തക്കറ കണ്ടത്. ഈ കാറിലാണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കാറിൽ ഫോറൻസിക് ടീം പരിശോധന നടത്തും.
അതിനിടെ, പ്രതി രാഹുലിനെ രാജ്യംവിടാൻ സഹായിച്ച പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ ശരത് ലാലിനെയാണ് സസ്പെൻഡ് ചെയ്യാൻ കമീഷണർ ശിപാർശ ചെയ്തത്. വിദേശത്തേക്ക് കടക്കാനായി രാഹുലിനെ ബംഗളൂരുവിലെത്തിക്കാൻ സഹായിച്ചതും, പ്രതിക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയത് ചോർത്തിനൽകിയതും ഇയാളാണ്.
അന്വേഷണത്തിലെ നിർണായക വിവരങ്ങൾ ശരത് ലാൽ രാഹുലിന് ചോർത്തിനൽകിയതായാണ് കണ്ടെത്തിയത്. രാഹുലിനെതിരെ കേസെടുക്കുന്ന ദിവസം ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്നു. ബംഗളൂരുവിലേക്ക് കടക്കാനായി പൊലീസിന്‍റെ കണ്ണിൽപെടാതെ യാത്രചെയ്യാനുള്ള നിർദേശങ്ങൾ നൽകിയത് ശരത് ലാലാണ്.
രാഹുലിനെ സഹായിച്ച മാങ്കാവ് സ്വദേശിയും ബി.ഡി.ജെ.എസ് നേതാവുമായ രാജേഷിനെ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. പൊലീസുകാരനിൽ നിന്ന് സഹായം ലഭിച്ച കാര്യം ഇയാളിൽ നിന്നാണ് വ്യക്തമായത്. രാഹുലും രാജേഷും ബംഗളൂരുവിന് പോകുന്ന വഴിക്ക് ശരത് ലാലിനെ കണ്ടതായും വിവരമുണ്ട്. പൊലീസുകാരന്‍റെ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും ഇയാൾ പ്രതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.
വിവാദമായ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ വിവരങ്ങൾ പൊലീസുകാരൻ തന്നെ പ്രതിക്ക് ചോർത്തിനൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഫറോക്ക് എ.സിയെ കമീഷണർ ചുമതലപ്പെടുത്തി. പ്രതി രാഹുലുമായി ശരത് ലാലിന് സാമ്പത്തിക ഇടപാടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. അന്വേഷണത്തിൽ വീഴ്ച വരുത്തിയ സി.ഐ എ.എസ്. സരിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
കേസിൽ പൊലീസ് ഒത്തുകളിച്ചെന്ന് പരാതിക്കാരിയും കുടുംബവും നേരത്തെ തന്നെ ആരോപിച്ചിരുന്നു. കേസെടുക്കുന്നത് ഒഴിവാക്കാനും രാഹുലിനെ രക്ഷപ്പെടുത്താനുമാണ് പൊലീസുകാർ ശ്രമിച്ചത്. സ്റ്റേഷനിൽ സുഹൃത്തുക്കളെ പോലെയായിരുന്നു രാഹുലും പൊലീസുകാരും തമ്മിൽ ഇടപെട്ടിരുന്നതെന്നും ഇവർ ആരോപിച്ചിരുന്നു.
അതേസമയം, രാഹുലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. രാഹുൽ വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതോടെ കേരള പൊലീസ്, ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സി.ബി.ഐ വഴി ഇന്റർപോളിന് അപേക്ഷ നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ എവിടെയെങ്കിലും രാഹുൽ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ഈ നടപടിയെന്ന് പൊലീസ് പറഞ്ഞു. അതിനിടെ താൻ വിദേശത്ത് എത്തിയെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള രാഹുലിന്റെ വിഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.