ബംഗളൂരു: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ സഖ്യകക്ഷിയായ ഐ.എൻ.എല്ലിെൻറ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ മന്ത്രിയായി അധികാരമേൽക്കുമ്പോൾ 'പപ്പയുടെ' അരികിൽ ഓടിയെത്താൻ കഴിയാത്ത സങ്കടത്തിലും ദൂരെനിന്ന് ആഘോഷിക്കുകയാണ് അദ്ദേഹത്തിെൻറ മകൾ താജൂന ഷെർവി അഹമ്മദും കുടുംബവും. താജൂനക്കും ഭർത്താവ് മുഹമ്മദ് കളത്തിലിനും അവരുടെ മൂന്നു മക്കൾക്കും അഹമ്മദ് ദേവർകോവിൽ എന്ന നേതാവ് അവരുടെ പ്രിയപ്പെട്ട പപ്പയാണ്.
ലോക്ഡൗണിനെ തുടർന്ന് അഹമ്മദ് ദേവർകോവിലിെൻറ സത്യപ്രതിജ്ഞ ചടങ്ങുകൾക്കും മന്ത്രിയായി അധികാരം ഏറ്റെടുക്കുന്നതിനും നേരിട്ട് സാക്ഷിയാകാൻ കഴിഞ്ഞില്ലെങ്കിലും ബംഗളൂരുവിലെ കനക്പുര റോഡിലെ വീട്ടിലിരുന്ന് കേക്ക് മുറിച്ചും മധുരം പങ്കിട്ടുമാണ് മകളും കുടുംബവും ആഘോഷിച്ചത്. മകൾ താജൂന ഷെർവി അഹമ്മദ്, ഭർത്താവ് മുഹമ്മദ് കളത്തിൽ മക്കളായ തനാസ്, തസീൻ, മെഹക് എന്നിവരാണ് അവർ 'പപ്പ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന അഹമ്മദ് ദേവർകോവിലിെൻറ ചിത്രത്തോടെയുള്ള കേക്ക് മുറിച്ച് തങ്ങളുടെ സന്തോഷം പങ്കുവെച്ചത്. ബംഗളൂരുവിൽ ഷോപ് വെൽ എന്ന സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായ അഹമ്മദ് കളത്തിലിന് ലോക് ഡൗൺ ആയതിനാൽ കുടുംബത്തോടൊപ്പം നാട്ടിലെത്താനായിട്ടില്ല. അവശ്യസർവിസിൽ ഉൾപ്പെട്ടതിനാൽ തന്നെ സൂപ്പർമാർക്കറ്റുകൾ പ്രവൃത്തിക്കുന്നതിനാൽ വിട്ടുനിൽക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിനിടെയും സംഘർഷഭരിതമായ സാഹചര്യങ്ങളിലും 'പപ്പ വിജയിക്കും മമ്മാ' എന്ന് ഉപ്പാപ്പയുടെ വിജയത്തിൽ അൽപംപോലും സംശയമില്ലാതെ കൊച്ചുമക്കൾ ഉമ്മാമയെ ഫോണിൽകൂടി ആശ്വസിപ്പിക്കാറുണ്ടായിരുന്നു. കൊച്ചുമക്കളുടെ പ്രതീക്ഷ തെറ്റിയില്ല. ജനങ്ങൾ അവരുടെ സ്വന്തം ഉപ്പാപ്പയെ വിജയിപ്പിച്ചു. ഭാര്യാപിതാവ് മാത്രമല്ലെന്നും കൊച്ചുനാളിലെ പിതാവ് നഷ്ടമായ തനിക്ക് സ്നേഹവും പരിലാളനയും നൽകിയ വാപ്പതന്നെയാണ് അദ്ദേഹം തനിക്കെന്ന് മരുമകൻ മുഹമ്മദ് പറഞ്ഞു. പ്രവർത്തന മേഖകളിലെല്ലാം സാമൂഹിക ഇടപെടലുകൾകൊണ്ട് ധന്യമാക്കിയ സംശുദ്ധ വ്യക്തിത്വമാണ്. സ്ഥാനങ്ങൾ തേടിപ്പോകാത്ത പ്രകൃതമാണെന്നും അനുഭവങ്ങൾ സാക്ഷിയാക്കി ഓർത്തു. അധികാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രിസഭയിലേക്കുള്ള പ്രവേശനംപോലുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനാകാത്തതിെൻറ വിഷമം ഉണ്ടെങ്കിലും വാപ്പയുടെ നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് താജൂന ഷെർവി അഹമ്മദ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി ജന്മനാടായ കുറ്റ്യാടിയിലെ ദേവർകോവിലിലെത്തിയ മന്ത്രി അഹമ്മദ് േദവർകോവിലിന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.