കൊല്ലം: നിക്ഷേപം സ്വീകരിക്കാൻ അടുത്തുകൂടിയുണ്ടാക്കി അടുപ്പവും വിശ്വാസവും മുതലെടുത്ത്, അവസാന നിമിഷവും അവിശ്വസിക്കാതെ വിളിച്ചിടത്ത് ചെന്ന വയോധികനെ ക്രൂരമായി കൊലചെയ്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പാപ്പച്ചൻ കൊലക്കേസിൽ പുറത്തുവന്നത്. നിക്ഷേപം സ്വീകരിക്കുന്ന എക്സിക്യൂട്ടിവ് എന്നനിലയിൽ പ്രതി അനൂപിന് പാപ്പച്ചനുമായി അടുത്ത ബന്ധമായിരുന്നു. പലിശ ലഭിക്കാത്തതിൽ സംശയം ഉണ്ടായെങ്കിലും ചായ കുടിക്കാനെന്ന് പറഞ്ഞ് ആശ്രാമത്തെ ശ്രീനാരായണ ഗുരു സമുച്ചയത്തിന് സമീപത്തേക്ക് അനൂപ് വിളിച്ചപ്പോൾ സംശയമൊന്നുമില്ലാതെ പാപ്പച്ചൻ ചെന്നു. ബൈക്കിൽ അനൂപും റോഡിൽ പാപ്പച്ചനൊപ്പം ഉണ്ടായിരുന്നു. കൊലപാതകം നടത്താൻ കാത്തുകിടന്ന അനിമോന്റെ നീല കാറിന് സമീപം എത്തിയപ്പോൾ അനൂപ് ബൈക്ക് വേഗത്തിൽ ഓടിച്ചുപോയി. ഒറ്റക്കായ പാപ്പച്ചനെ വേഗത്തിലെത്തി അനിമോൻ ഇടിച്ചിട്ടു, ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽപെട്ട് രക്തത്തിൽ കുളിച്ചുകിടന്ന പാപ്പച്ചന്റെ സമീപത്ത് ആളുകൾ ഓടിക്കൂടിയപ്പോൾ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി മാഹിനും നിരീക്ഷിക്കാനുണ്ടായിരുന്നു. ആംബുലൻസ് വരട്ടെ എന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഇയാൾ വൈകിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മാരകമായി പരിക്കേറ്റ പാപ്പച്ചനെ ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല. മേയ് 23ന് ഉച്ചക്കായിരുന്നു അപകടം. ഇതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൃത്യം നിർവഹിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മാഹിന്റെ ഓട്ടോ ഇടിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ, മഴയായിരുന്നതിനാൽ പാപ്പച്ചൻ പുറത്തിറങ്ങിയില്ല. തുടർന്നാണ് അനൂപ് പ്രത്യേകം വിളിച്ചിറക്കി കാർ കൊണ്ട് ഇടിച്ച് കൊല്ലാനുള്ള പദ്ധതിയിട്ടത്. ഇതിനായുള്ള കാർ ഹാഷിഫ് എത്തിക്കുകയായിരുന്നു. യഥാർഥ ഉടമയുടെ കൈയിൽനിന്ന് പണയവ്യവസ്ഥയിൽ പലകൈകൾ മറിഞ്ഞാണ് ഹാഷിഫിന്റെ കൈയിൽ കാർ എത്തിയത്. ഇയാൾക്കും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.
ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വളപ്പിൽ പാപ്പച്ചന്റെ കുടയും ചെരിപ്പുമായി അദേഹത്തിന്റെ സൈക്കിൾ ഇരിപ്പുണ്ട്. കുറച്ചപ്പുറം അദ്ദേഹത്തെ കൊലപ്പെടുത്താനുപയോഗിച്ച കാറും. അതേ സ്റ്റേഷൻ വളപ്പിൽ വിലങ്ങണിഞ്ഞ് ആ കൊലപാതകേസിലെ പ്രതികളും എത്തിയത് കാത്തിരുന്ന നീതിയായി.
കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയറായ 82കാരൻ പാപ്പച്ചൻ ആശ്രാമത്ത് സൈക്കിളിൽ യാത്ര ചെയ്യവെ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് സാധാരണ അപകടമരണം എന്നായിരുന്നു എല്ലാവരും കരുതിയത്.
ഇടിച്ചിട്ട് നിർത്താതെ പോയ അജ്ഞാത വാഹനം കണ്ടെത്തുക മാത്രമായിരുന്നു സംഭവത്തിൽ പൊലീസിനുണ്ടായിരുന്നത്. അത് കണ്ടെത്തിയതോടെ അപകട മരണത്തിന്റെ 304 വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയായ അനിമോനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അനിമോൻ മുമ്പും പലകേസുകളിൽ പ്രതിയായിരുന്നതും സംശയത്തിന് ഇടയാക്കിയില്ല. എന്നാൽ, മരണമറിഞ്ഞ് ഉത്തർപ്രദേശിൽനിന്നെത്തിയ മകൾ റെയ്ച്ചലിനും കുവൈത്തിൽ നിന്നെത്തിയ മകൻ ജേക്കബിനും പിതാവിന് 25 ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നുവെന്ന് ആളുകളിൽനിന്ന് കേട്ടത് അവിശ്വസനീയമായി തോന്നി. ഇവിടെ നിന്നാണ് കേസിന്റെ ഗതിമാറിയത്.
വലിയ തുക കൈയിലുണ്ടായിരുന്ന പിതാവ് എന്തിന് വായ്പയെടുക്കണം എന്ന സംശയവുമായി മകൾ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് ശാഖയിലെത്തി ശാഖ മാനേജർ സരിതയെ കണ്ടു. പാപ്പച്ചൻ 25 ലക്ഷം വായ്പയെടുത്തിരുന്നുവെന്നാണ് സരിത മകളോട് പറഞ്ഞതും. ഇവരുടെ ഇടപെടലുകളിൽ മകൾക്ക് പന്തികേടുതോന്നി. തുടർന്നാണ് പിതാവിന്റെ സാമ്പത്തിക ഇടപാടുകളിലും മാനേജരിലും സംശയമുണ്ടെന്ന് കാണിച്ച് മകൾ കൊല്ലം ഈസ്റ്റ് പൊലീസിൽ ജൂൺ ഒന്നിന് പരാതി നൽകിയത്.
പരാതി ലഭിച്ച പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ജാമ്യമെടുത്ത് പോയ പ്രതി അനിമോന്റെ ക്രിമിനൽ പശ്ചാത്തലം ശ്രദ്ധിച്ചത്. സാമ്പത്തിക ക്രമക്കേട് സംശയമുയർന്നതും ആ പ്രതിയുടെ സാന്നിധ്യവും കൂട്ടിച്ചേർത്ത് അന്വേഷണം മുന്നേറവെ മാനേജർ സരിതയും അയാളുമായി ഫോൺവഴിയും മറ്റുമുള്ള ബന്ധം കണ്ടെത്തി. ഇരുവരും മുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നത് വ്യക്തമായി. ഇവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസിന് തുമ്പായി. സ്വന്തം സ്ഥാപനത്തിൽ ക്രമക്കേട് നടത്തിയവരാണ് സരിതയും അനൂപും എന്ന കണ്ടെത്തലും സംശയം ബലപ്പെടുത്തി.
വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയായ അനിമോന് സരിത ക്വട്ടേഷൻ കൊടുത്തതായിരുന്നുവെന്ന് പിന്നാലെ തെളിയുകയായിരുന്നു. സരിതയും അനൂപും അനിമോനും ഇയാളുടെ സഹായിയായ മാഹിനും കാർ നൽകിയ ഹാഷിഫും ചേർന്ന് വലിയ ഗൂഢാലോചന നടത്തിയാണ് കൃത്യം നിർവഹിച്ചതെന്ന് തെളിയിക്കുന്ന തെളിവുകൾ മുഴുവൻ ശേഖരിച്ച ശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
അതുവരെ പ്രതികൾക്ക് ഒരു സംശയവും ഉണ്ടാക്കാതെയായിരുന്നു ഈസ്റ്റ് പൊലീസിന്റെ നീക്കം. തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിൽനിന്ന് സരിതയെ കസ്റ്റഡിയിലെടുത്ത് കൊല്ലത്ത് എത്തിച്ചാണ് ചോദ്യം ചെയ്തത്. പിന്നാലെ ഓരോരുത്തരെയായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയല്ലാതെ മറ്റുവഴിയില്ലാതെ പ്രതികൾ പൊലീസിനോട് നടന്നതെല്ലാം പറയുകയും ചെയ്തു.
ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐമാരായ ഷബ്നം, ദിപിൻ, നിസാമുദ്ദീൻ, അശോക് കുമാർ, സി.പി.ഒമാരായ ഷഫീഖ്, അനു, ഷൈജു, അജയൻ, അനീഷ്, ഷൈൻ, അൻഷാദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.