കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മുഖ്യസൂത്രധാരൻ റിമാൻഡിൽ. മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം െചയ്യുന്നതോടെ എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട ദുരൂഹതകൾ പുറത്തുവരുമെന്നാണ് സി-ബ്രാഞ്ച് പറയുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളടക്കം സംശയിക്കുന്ന കേസാണിത്.
ബംഗളൂരുവിലെയും കോഴിക്കോട്ടെയും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ഇബ്രാഹീമാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. കോട്ടക്കൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം കേസുകളിലെ പ്രതിയായ ഇയാളുടെ മുൻകാല പ്രവർത്തനങ്ങളും പരിശോധിച്ചുവരുകയാണ്. ബംഗളൂരുവിൽ സൈനികനീക്കമടക്കം ചോർത്താൻ ശ്രമിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കോഴിക്കോട്ടേതിന് സമാനമായ കേസിൽ ബംഗളൂരു തീവ്രവാദ വിരുദ്ധ െസൽ ജൂണിൽ അറസ്റ്റ് െചയ്ത ഇയാൾ പരപ്പന അഗ്രഹാര ജയിലിലായിരുന്നു. കോഴിക്കോട്ട് പിടിയിലായ കൊളത്തറ സ്വദേശി ജുറൈസിൽനിന്നാണ് ബംഗളൂരു സംഘവുമായുള്ള ബന്ധം വ്യക്തമായത്. തുടർന്ന് കേരള പൊലീസ് പ്രൊഡക്ഷന്‍ വാറൻറിന് അപേക്ഷിച്ചതോടെ കൈമാറാന്‍ ബംഗളൂരു കോടതി അനുമതി നല്‍കിയതോടെയൊണ് പ്രതിയെ വിട്ടുകിട്ടിയത്.
കോഴിക്കോട്ടെ സംഘത്തിന് ചൈനയിൽനിന്ന് ഉപകരണങ്ങളടകം ലഭ്യമാക്കിയത് ഇബ്രാഹീമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. വെള്ളിയാഴ്ച വിട്ടുകിട്ടിയ ഇബ്രാഹീമിനെ ശനിയാഴ്ച രാവിലെയോടെയാണ് കോഴിക്കോട്ടെത്തിച്ചത്. അതേസമയം, കേസിൽ അറസ്റ്റിലാവാനുള്ള മൂരിയാട് സ്വദേശികളായ ഷബീർ, പ്രസാദ് എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.