പറമ്പിക്കുളം: തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ മധ്യഭാഗത്തെ ഷട്ടർ ബുധനാഴ്ച പുലർെച്ച തകർന്നു. തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ചാലക്കുടി പുഴയിലേക്ക് ഇരച്ചൊഴുകി. സ്ഥിതി നിയന്ത്രണ വിധേയമെന്നും ആശങ്കപ്പെടാനില്ലെന്നും തമിഴ്നാട് ജലവിഭവ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും ചാലക്കുടിപ്പുഴയോരത്തെ ജനങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. സെക്കൻഡിൽ 20,000 ഘനയടി വെള്ളമാണ് ഒഴുകുന്നുത്. ഇത്രയും വെള്ളം കുതിച്ചെത്തുന്നത് പെരിങ്ങൽകുത്ത് ഡാമിനും ഭീഷണിയാണ്. പെരിങ്ങൽകുത്ത് ഡാമിലേക്കും തുടർന്ന് ചാലക്കുടിപുഴയിലേക്കുമാണ് ഈ വെള്ളമെത്തുക.
ബുധനാഴ്ച പുലർച്ച ഒന്നരയോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളിലൊന്ന് തകർന്നത്. ഷട്ടർ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്നതും താങ്ങിനിർത്തുന്നതുമായ ഉരുക്കുചങ്ങല പൊട്ടിയപ്പോൾ ചങ്ങലയുമായി ബന്ധിപ്പിച്ചിരുന്ന കോൺക്രീറ്റ് ബീമും ഷട്ടറും താഴെക്ക് പതിക്കുകയായിരുന്നു. ഇതോടെ പുഴയിലേക്ക് വെള്ളം കുത്തിയൊഴുകാൻ തുടങ്ങി. പ്രധാന ഷട്ടറിൽനിന്ന് ഒരു കിലോമീറ്റർ ദൂരെ മീൻ പിടിക്കുകയായിരുന്ന ആർ. മുരുകനും കുടുംബവും വെള്ളത്തിന്റെ ഇരമ്പൽ കേട്ട് നോക്കിയപ്പോഴാണ് ഷട്ടർ തകർന്നതായി മനസ്സിലായത്. ഇവരാണ് പറമ്പിക്കുളം എസ്.ഐ. മുഹമ്മദിനെ വിവരമറിയിച്ചത്. പൊലീസ്, റവന്യൂ, വനം, ജലവിഭവ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് കുതിച്ചെത്തി. ഉടൻ തന്നെ പറമ്പിക്കുളം അഞ്ചാം കോളനിയിലും
കുരിയാർകുറ്റി കോളനിയിലുമുള്ള കുടുംബങ്ങളെ മാറ്റി. ഷട്ടർ തകരാർ ആകുന്നതിന് മുമ്പ് പറമ്പിക്കുളം ഡാമിൽ 1824.6 അടി വെള്ളം ഉണ്ടായിരുന്നു. 26 അടിയിലേറെ വെള്ളം ഒഴുകിപ്പോയാൽ മാത്രമേ ഷട്ടർ നിൽക്കുന്ന സ്ഥാനത്ത് എത്തുകയുള്ളൂ. നീരൊഴുക്ക് തുടരുന്നതിനാൽ അടുത്ത 72 മണിക്കൂറിനുള്ളിൽ ഡാമിലെ ജലനിരപ്പ് 1798ൽ എത്തുമെന്നാണ് അനുമാനം. വിവരമറിഞ്ഞയുടൻ ഡാമിന്റെ ചുമതലയുള്ള തമിഴ്നാട് ഉദ്യോഗസ്ഥർ ഒന്നും മൂന്നും ഷട്ടറുകൾ ഉയർത്തി. പെരിങ്ങല്‍ക്കുത്തിന്റെ എല്ലാ ഷട്ടറുകളും പുലർച്ച മൂന്ന് മുതല്‍ ഘട്ടംഘട്ടമായി തുറന്നുവിട്ടു. ഇതോടെയാണ് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഇതേ നിലയിൽ ജലം ഒഴുകിയാലും 72 മണിക്കൂർ കഴിഞ്ഞാൽ ഷട്ടറുകൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് തമിഴ്നാട് ജലവിഭവ വകുപ്പിന്റെ പ്രതീക്ഷ. ഷട്ടർ തകരാർ കാരണം 5.5 ടി.എം.സി വെള്ളം നഷ്ടമാകുന്നത് തമിഴ്നാട്ടിൽ പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തിന് നൽകേണ്ട വെള്ളത്തിലും കുറവുണ്ടാകും.
തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ദുരൈ മുരുകൻ, കോയമ്പത്തൂർ ജില്ല കലക്ടർ സമീരൻ എന്നിവർ സ്ഥലത്തെത്തി. ജലവിഭവ വകുപ്പ് ഡാം ഓപറേഷൻ ആൻഡ് മെയിന്റനൻസ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ ചെന്നൈയിൽനിന്നുള്ള വിദഗ്ധ സംഘം ബുധനാഴ്ച വൈകീട്ടോടെ പറമ്പിക്കുളത്തെത്തി. ഇവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധനയും അറ്റകുറ്റപ്പണിയും ആരംഭിക്കുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.