കൊച്ചി: മണ്ണിനടിയിൽ ഉറ്റവരുടെ ചേതനയറ്റ ശരീരങ്ങൾ. കഴുത്തറ്റം വെള്ളത്തിൽ മരവിച്ച മനസ്സും ശരീരവുമായി അവർ ആ മൃതദേഹങ്ങൾക്ക് കാവലിരുന്നു. പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർ എത്തുമെന്ന വിശ്വാസത്തിൽ മൂന്നുദിവസം കാത്തിരുന്നിട്ടും നിരാശയായിരുന്നു ഫലം. പറവൂർ കുന്നുകര പഞ്ചായത്തിലെ കുത്തിയതോടിൽ പള്ളിക്കെട്ടിടം ഇടിഞ്ഞുവീണ് ആറുപേർ മണ്ണിനടിയിൽപെട്ട സ്ഥലത്തേത് സമാനതകളില്ലാത്ത ദുരന്തചിത്രമാണ്.
പേമാരി പ്രളയമായി കുത്തിയൊലിച്ചെത്തിയപ്പോൾ അഭയം തേടിയാണവർ കെട്ടിടത്തിലെത്തിയത്. വെള്ളം കയറുന്നത് ശക്തമായപ്പോൾ മതിലിടിഞ്ഞ് ആളുകൾ മണ്ണിനടിയിൽപെടുകയായിരുന്നു. ‘‘അവർ മരിച്ചിട്ട് മൂന്നുദിവസമായി. മൃതദേഹങ്ങൾ ഇപ്പോഴും കഴുത്തോളം വെള്ളത്തിലാണ്. പൊലീസ്, ഫയര്‍ഫോഴ്സ്, രക്ഷാപ്രവര്‍ത്തകര്‍, നേവി, രാഷ്ട്രീയനേതാക്കള്‍ ഇവരാരും എത്തിയില്ല. കുടിവെള്ളംപോലും ലഭിച്ചില്ല’’ കുത്തിയതോടുനിന്ന് ഒരാൾ വെള്ളത്തിൽ നിന്നുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നതാണിത്.
ചാലക്കുടിപ്പുഴയിൽനിന്നുള്ള ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. രണ്ടുകെട്ടിടത്തിലായി അഭയംപ്രാപിച്ചവർ ഒരിടത്ത് ബലക്ഷയമുണ്ടെന്ന് മനസ്സിലാക്കി മറ്റൊന്നിലേക്ക് മാറുന്നതിനിടെയായിരുന്നു അപകടം. രക്ഷപ്പെട്ടവർക്ക് മറ്റുള്ളവരുടെ ജീവൻ തിരിച്ചുപിടിക്കാനാകുമായിരുന്നില്ല. ഞായറാഴ്ചവരെ അഞ്ഞൂറോളം ആളുകളാണ് ഇവിടെ കുടുങ്ങിക്കിടന്നത്. ആരെയും രക്ഷിക്കാനോ വെള്ളം കൊടുക്കാനോ സാധിച്ചില്ല.
വ്യാഴാഴ്ച രാത്രിയാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ച കെട്ടിടം ഇടിഞ്ഞുവീണ് ആറുപേരെ കാണാതായത്. ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപിച്ച് വി.ഡി. സതീശൻ എം.എൽ.എയും രംഗത്തെത്തിയിരുന്നു. കോസ്റ്റ് ഗാർഡും സുരക്ഷസേനയും ഞായറാഴ്ച രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. രക്ഷപ്പെട്ട 500പേർ ഒരുകെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് രണ്ട് ശൗചാലയം മാത്രം. തീരെ കുറവായിരുന്ന ലഘുഭക്ഷണം വീതിച്ചു. വിശപ്പിെൻറ കാഠിന്യത്തിൽ കുഞ്ഞുങ്ങളടക്കം ബുദ്ധിമുട്ടി. രോഗികൾ ഗുരുതരാവസ്ഥയിലായി. മേഖലയിലാകെ ആയിരത്തഞ്ഞൂറോളം പേർ കുടുങ്ങിയിരുന്നു.
കുത്തിയതോട്ട് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
കൊച്ചി: പറവൂർ കുന്നുകര പഞ്ചായത്തിലെ കുത്തിയതോട് കെട്ടിടം ഇടിഞ്ഞുണ്ടായത് വൻ ദുരന്തം. കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. കുത്തിയതോട് സ്വദേശികളായ പനക്കൽ ജെയിംസ് (55), ശൗരിയാർ (45) എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച പുലർച്ച മൂന്നോടെ നാട്ടുകാരുടെ ശ്രമഫലത്തിൽ കണ്ടെത്താനായത്. നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. കുത്തിയതോട് സ്വദേശികളായ പൗലോസ്, കുഞ്ഞൗസേപ്പ്, ഇലഞ്ഞിക്കാടൻ ജോമോൻ, ഇദ്ദേഹത്തിെൻറ പിതാവ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.