ഇരിങ്ങാലക്കുട: ശബരിമല തീർഥാടനത്തിന് വ്രതം നോറ്റിരിക്കുന്ന വിദ്യാർഥികളോട് കറുത്ത വസ്ത്രം ധരിച്ച് സ്കൂളില്‍ വരരുതെന്ന് പ്രധാനാധ്യാപിക നിര്‍ദേശം നൽകിയെന്നും ഇത് ചോദ്യംചെയ്ത തന്നെ അധിക്ഷേപിച്ചെന്നും ആരോപിച്ച് ഇരിങ്ങാലക്കുട ജില്ല വിദ്യാഭ്യാസ ഓഫിസിലെത്തി രക്ഷിതാവ് ആത്മഹത്യക്കു ശ്രമിച്ചു.
ചാലക്കുടി ചായ്പിന്കുഴി ഹയര്‍സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക കറുത്ത വസ്ത്രം ധരിക്കരുതെന്ന് നിർദേശം നൽകിയെന്നും ഇത് ചോദ്യംചെയ്യാനെത്തിയ പൂജാരികൂടിയായ കൊല്ലരേഴത്ത് ശ്രീപീഠം വീട്ടില്‍ അനീഷിനെ (45) പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും ‘വസ്ത്രത്തിലൂടെയല്ല പെരുമാറ്റത്തിലൂടെ വേണം മനസ്സ് നന്നാവാനെന്നും’ മറ്റും പറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് ആരോപണം. ചൊവ്വാഴ്ച രാവിലെ അനീഷ് ഇരിങ്ങാലക്കുട ഡി.ഇ.ഒ ഓഫിസിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭാര്യയും മക്കളുമായി ഓഫിസിലെത്തിയ അനീഷ് ഡി.ഇ.ഒ ഷൈലയോട് ഇതുസംബന്ധിച്ച് സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയ കുപ്പിയില്‍നിന്ന് പെട്രോളെടുത്ത് ശരീരത്തില്‍ ഒഴിച്ചു. ഓഫിസറും ഭാര്യയും ഉടന്‍തന്നെ അനീഷിന്റെ കൈയില്‍നിന്ന് ലൈറ്റര്‍ എടുത്തുമാറ്റുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍തന്നെ പ്രധാനാധ്യാപിക അസംബ്ലി വിളിച്ച് യൂനിഫോം നിര്‍ബന്ധമാണെന്ന ഉത്തരവ് പിന്‍വലിച്ചിരുന്നതായി ഡി.ഇ.ഒ പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്ത അനീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആരോഗ്യപരിശോധന നടത്തി. അനീഷിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ചാലക്കുടി: ശബരിമല തീർഥാടനത്തിന് വ്രതം നോറ്റിരിക്കുന്ന ആരെയും നേരിട്ട് വിളിച്ച് കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ചായ്പന്‍കുഴി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രധാനാധ്യാപിക ഷീജ ആന്റണി. അതിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ ആര്‍ക്കെതിരെയും ശിക്ഷാനടപടി കൈക്കൊള്ളുകയോ ശാസിക്കുകയോ ചെയ്തിട്ടില്ല.
സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നടന്ന അസംബ്ലിയില്‍ മൂന്നോ നാലോ വിദ്യാര്‍ഥികള്‍ ട്രാക്ക് സ്യൂട്ട് ധരിച്ചെത്തിയതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ യൂനിഫോം ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പൊതുവേ ഉപദേശിച്ചിരുന്നു. തിങ്കളാഴ്ച ഇതിന്റെ പേരില്‍ ഒരു രക്ഷിതാവ് സ്കൂള്‍ ഓഫിസില്‍ കയറിവന്ന് ബഹളമുണ്ടാക്കുകയും തന്നെയും സഹ അധ്യാപകരെയും അധിക്ഷേപിക്കുകയും ചെയ്തു.
എന്നാല്‍, ഇയാളുടെ കുട്ടി ശബരിമല തീർഥാടനത്തിന് വ്രതം നോറ്റവരുടെ കൂട്ടത്തില്‍പോലും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്ന് വൈകീട്ട് ചേര്‍ന്ന സ്കൂള്‍ പി.ടി.എ യോഗം മനഃപൂര്‍വം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള അയാളുടെ ആരോപണത്തെ തള്ളിക്കളയുകയായിരുന്നുവെന്നും പ്രധാനാധ്യാപിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.