മാനന്തവാടി: തവിഞ്ഞാല്‍ തലപ്പുഴയിലെ അഞ്ചുപേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ്. തലപ്പുഴ വി.പി. ഹൗസില്‍ വി.പി. സലിം, ഫൈസി ഹൗസില്‍ സി.വി. ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, കൂത്തുപറമ്പ് നിര്‍മലഗിരി മാങ്ങാട്ടിടം ഊക്കാടന്‍ റഹ്മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ഇതില്‍ രവി, റഹ്മത്ത് എന്നിവരുടെ പേരില്‍ സ്ഥലം മാത്രമാണുള്ളത്. മറ്റ് മൂന്നുപേര്‍ വര്‍ഷങ്ങളായി വീടുവെച്ച് താമസിക്കുന്നവരാണ്.
വഖഫ് ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് തലപ്പുഴ ഹിദായത്തുല്‍ ഇസ്‍ലാം ജമാഅത്ത് പള്ളിക്കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. തവിഞ്ഞാല്‍ അംശം തിണ്ടുമ്മല്‍ ദേശത്തിലെ സര്‍വേ നമ്പര്‍ 47/1, 45/1 കളിലായി വ്യത്യസ്ത ആധാരങ്ങളിലായി രജിസ്റ്റര്‍ ചെയ്ത വഖഫിന്റെ 5.77 ഏക്കറില്‍ മദ്റസയും പള്ളിയും ഖബര്‍സ്ഥാനും ഉള്‍പ്പെടുന്ന 1.70 ഏക്കർ നിലവിലുണ്ടെന്നാണ് പള്ളിക്കമ്മിറ്റി അധികൃതർ വഖഫ് ബോർഡിനെ അറിയിച്ചത്.
ബാക്കി ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ 16നകം വഖഫ് ബോർഡിനെ അറിയിക്കണമെന്നാണ് നോട്ടീസ്. അഞ്ചുപേര്‍ക്ക് മാത്രമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ നോട്ടീസ് വരുമോ എന്ന ആശങ്കയിലാണ് സമീപത്തുള്ള പലരും. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പണം കൊടുത്തു ആധാരം ചെയ്ത് സ്വന്തമാക്കിയ ഭൂമിയാണിതെന്ന് കുടുംബങ്ങൾ പറയുന്നു.
രാജ്യത്ത് വഖഫ് നിയമത്തിൽ ഭേദഗതിവരുത്തുന്ന ബിൽ വരാനിരിക്കെ പാവപ്പെട്ടവരുടെ ഭൂമി കൈക്കലാക്കാനാണ് സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ ശ്രമം നടത്തുന്നതെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് ആരോപിച്ചു.
സർക്കാറിന്റെ പ്രസ്താവനകളല്ല, വഖഫ് ബോർഡ് നൽകിയ എല്ലാ നോട്ടീസുകളും അടിയന്തരമായി പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ സന്ദര്‍ശിച്ചു.
വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിനടക്കം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് പി. ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.