കൊച്ചി: അഭയക്കേസിലെ പ്രതികൾക്ക് ചട്ടവിരുദ്ധമായി പരോൾ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ സംസ്ഥാന സർക്കാരിനും ജയിൽ ഡി.ജി.പിക്കും സിസ്റ്റർ സെഫിക്കു ഫാ. കോട്ടൂരിനും ഹൈകോടതി നോട്ടീസ് അയച്ചു. സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുന്‍പ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ആരോപിച്ച് ജോമോൻ പുത്തൻപുരക്കലാണ് ഹരജി സമർപ്പിച്ചത്.
ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റിയാണെന്നായിരുന്നു ജയിൽ ഡി.ജി.പിയുടെ വിശദീകരണം. ഇത് കളവാണെന്നും ഹരജിയിൽ പറയുന്നു. കഴിഞ്ഞ മെയ് 11 നാണ് 90 ദിവസം ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും പരോൾ അനുവദിച്ചത്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചിട്ടുളളത്. അഭയ കേസിലെ പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി.രവികുമാറിന്‍റെ ഉത്തരവിന്റെ കോപ്പിയും ഹരജിയോടൊപ്പം ഹാജരാക്കിയിരുന്നു.
ഹൈകോടതിയെ മറികടന്ന് പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഞ്ച് മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ് പ്രതികൾക്ക് പരോൾ കിട്ടിയത്. ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും ഹൈകോടതിയിൽ നൽകിയ ജാമ്യ ഹർജി അഞ്ച് തവണ ഹൈകോടതി പരിഗണിച്ചുവെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.